ലോകത്തെ നശിപ്പിക്കാന്‍ ഒരു വരം നേടണം. അതിനായിരുന്നു ഭസ്മാസുരന്‍ തപസ്സ് ചെയ്തത്. ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തിയാല്‍ മാത്രമേ അത്തരമൊരു വരം ലഭിക്കുകയുള്ളൂ. അതിനുവേണ്ടി ആയിരുന്നു ഉഗ്ര തപസ്സ്. ഒടുവില്‍ മഹേശന്‍ പ്രത്യക്ഷപ്പെട്ടു. വരവും കിട്ടി. ഭസ്മാസുരന്‍ ആരുടെ തലയില്‍ തൊടുന്നുവോ അവന്‍ കത്തിക്കരിയും. പക്ഷേ അസുരന് ഒരു സംശയം. വരത്തിന്റെ കരുത്ത് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കണം. അതിനു പറ്റിയ ആള്‍ പരമേശ്വരന്‍തന്നെ. ഓടി രക്ഷപ്പെടുക എന്നതുമാത്രമായിരുന്നു ഭഗവാനു മുന്നില്‍ ശേഷിച്ച ഏക മാര്‍ഗം.
ഇന്ന് ഭസ്മാസുരന്റെ റോളില്‍ നില്‍ക്കുന്നത് സാക്ഷാല്‍ പ്ലാസ്റ്റിക് ആണ്. നാം നല്‍കിയ വരത്തിന്റെ കരുത്തില്‍ പ്ലാസ്റ്റിക് നമ്മെ വേട്ടയാടുകയാണ്. നാം അവനെ അമിതമായി ആശ്രയിക്കുന്നു. അവന്‍ നമ്മെ അതിയായി പീഡിപ്പിക്കുന്നു. കടലിലും കരയിലും തൊണ്ടിലും തൊടിയിലും വിളയിലും വയലിലും ഒക്കെ ഒഴുകിപ്പരക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇപ്പോള്‍ കടല്‍ക്കരയും കയ്യടക്കിയിരിക്കുന്നു.
ഭൗമ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) രാജ്യത്തുടനീളം നടത്തിയ കടലോര(ബീച്ച്) ശുചീകരണ സര്‍വേയാണ് ബീച്ചിലെ മലിനീകരണത്തിന്റെ ഭയാനകത പുറത്തുകൊണ്ടുവന്നത്. തെരഞ്ഞെടുത്ത 34 കടല്‍ക്കരകളില്‍ ഒരേസമയം രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചില്‍ സര്‍വേയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലില്‍ 34 ബീച്ചുകളില്‍നിന്ന് കണ്ടെടുക്കാനായത് 35 ടണ്‍ മാലിന്യം.
സര്‍വ്വേയില്‍ ഒന്നാം സ്ഥാനം ‘ദൈവത്തിന്റെ സ്വന്തം നാടി’നുതന്നെ. കേരളത്തിലെ അഞ്ച് കടല്‍ത്തീരങ്ങളില്‍ നിന്നായി പതിനായിരം കിലോഗ്രാം മാലിന്യമാണത്രേ ലഭിച്ചത്. ഏറ്റവും കുറവ് മാലിന്യം ഒഡീഷയില്‍നിന്നും-478.2 കിലോഗ്രാം. കിട്ടിയ മാലിന്യത്തില്‍ ഏറിയ പങ്കും സാക്ഷാല്‍ പ്ലാസ്റ്റിക്കുതന്നെ. വര്‍ണസഞ്ചികളും വലയുടെ മുറിഞ്ഞ കഷണവുമൊക്കെ.
ചെന്നൈയിലെ എല്ലിയട്ട് ബീച്ചില്‍ കണ്ട മാലിന്യത്തിന്റെ 40 ശതമാനവും പ്ലാസ്റ്റിക്. ഒറീസ്സയിലെ ഗോപാല്‍പൂര്‍ കടല്‍ക്കരയില്‍ കിട്ടിയ മാലിന്യത്തിന്റെ 90 ശതമാനവും പ്ലാസ്റ്റിക്. ഫോര്‍ട്ട് കൊച്ചിയില്‍ നി് കിട്ടിയ 90 ശതമാനവും പ്ലാസ്റ്റിക്. ഫോര്‍ട്ട് കൊച്ചിയില്‍നിന്നു കിട്ടിയ മാലിന്യത്തില്‍ 66 ശതമാനവും, വിശാഖപട്ടണത്തെ ആര്‍.കെ. ബീച്ചില്‍ 81 ശതമാനവും, ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ രംഗചാങ് ബീച്ചില്‍ 51 ശതമാനവും പ്ലാസ്റ്റിക് മാലിന്യമാണ്.
കേരളത്തിലെ തീരങ്ങളില്‍ ഒരു പ്രമുഖ പരിസ്ഥിതി സംഘടന നടത്തിയ മാലിന്യപഠനത്തില്‍ ലഭിച്ച ഫലങ്ങളും മറിച്ചായിരുന്നില്ല. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ 59 കടലോര കേന്ദ്രങ്ങളില്‍ അഞ്ചുമാസമാണ് പഠനം നടന്നത്. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം മലപ്പുറത്തും കുറവ് ആലപ്പുഴയിലുമാണ് കാണപ്പെട്ടത്. ഒന്‍പത് ജില്ലകളിലും കൂടി 17 കോടി പ്ലാസ്റ്റിക് തരികളാണത്രേ കണ്ടെത്തിയത്. ഭാരം കണക്കാക്കിയാല്‍ 1057 ടണ്‍ മാലിന്യം. അതില്‍ 85 ലക്ഷം പ്ലാസ്റ്റിക്കും കാരിബാഗ് എന്നു വിളിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ അവശിഷ്ടങ്ങളുമായിരുന്നത്രേ.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊക്കോസ് ബീച്ചുകളില്‍ നടത്തിയ മാലിന്യ അന്വേഷണത്തില്‍ കണ്ടെത്തിയത് 414 ദശലക്ഷം പ്ലാസ്റ്റിക് കഷണങ്ങള്‍! അതില്‍ പത്ത് ലക്ഷം ഷൂസുകളും 3.7 ലക്ഷം ടൂത്ത് ബ്രഷുകളും ഉള്‍പ്പെടുന്നു. ‘സയന്റിഫിക് റിപ്പോര്‍ട്ട്‌സ്’ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ആ പഠനം കൗതുകകരമായ മറ്റൊരു വിവരം കൂടി പുറത്തുവിട്ടു. മാലിന്യ കൂമ്പാരത്തില്‍ 238 ടണ്‍ ആയിരുന്നത്രേ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ ഭാരം.
തീരെ ജനവാസം കുറഞ്ഞ ബീച്ചുകളില്‍പോലും ഇത്രയേറെ പ്ലാസ്റ്റിക് കഷണങ്ങള്‍ എങ്ങനെ വരുന്നു? തീര്‍ച്ചയായും വിനോദസഞ്ചാരികള്‍ വലിച്ചെറിഞ്ഞതല്ല അവ. കടലമ്മ സമ്മാനിച്ചതാണവയെന്ന് ടാസ്മാനിയ സര്‍വകലാശാലയിലെ ജെനിഫര്‍ ലവേഴ്‌സ് പറയുന്നു. കടലുകളില്‍ അനുനിമിഷം നിറയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സൂചനയാണത്രേ കരയിലെത്തുന്ന മാലിന്യങ്ങള്‍. 2017-ല്‍ സൗത്ത് പസഫിക്കിലെ വിദൂര ദ്വീപായ ഹെന്‍ഡേഴ്‌സനില്‍ നടത്തിയ തെരച്ചിലില്‍ വന്‍ പ്ലാസ്റ്റിക് കൂമ്പാരം കണ്ടെത്തിയത് ഗവേഷകരെപ്പോലും ഞെട്ടിച്ചു. മുംബൈയിലെ ജൂഹു കടല്‍ത്തീരത്തേക്ക് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം അടിച്ചു കയറിയ വാര്‍ത്ത ഇനിയും മറക്കാനായിട്ടില്ല. സമുദ്രത്തിലെ മിഡ്‌വേ ദ്വീപും ചുറ്റുപാടും അറിയപ്പെടുന്നതുതന്നെ ഒഴുകുന്ന പടുകൂറ്റന്‍ പ്ലാസ്റ്റിക് കൂമ്പാരത്തിന്റെ പേരിലാണ്.
ഭൂമിയുടെ ആവാസ വ്യവസ്ഥയെപ്പോലും നിയന്ത്രിക്കുന്നത് സമുദ്രങ്ങളാണ്. ഭൂമിയിലെ മനുഷ്യര്‍ക്കാവശ്യമായ ഭക്ഷണത്തിന്റെ വലിയൊരു പങ്ക് സമ്മാനിക്കുന്നതും സമുദ്രങ്ങളാണ്. അവിടേക്കാണ് നൂറ്റാണ്ടുകള്‍ കിടന്നാലും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത്. പാസ്റ്റിക് മാലിന്യം അകത്താക്കി പിടഞ്ഞു മരിക്കുന്ന കൂറ്റന്‍ മത്സ്യങ്ങളുടെയും ആമകളുടെയുമൊക്കെ കഥ നാം ദിനംപ്രതി കാണാറുണ്ട്. പവിഴപ്പുറ്റുകളിലെ സൂക്ഷ്മ ജീവികളെപ്പോലും ശ്വാസംമുട്ടിച്ചു കൊല്ലുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് ഗവേഷകര്‍ പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിക്കാറുണ്ട്. ഭക്ഷണമാണെന്നു കരുതി തിളങ്ങുന്ന പ്ലാസ്റ്റിക് കഷണങ്ങള്‍ കൊത്തിയെടുത്ത് വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആല്‍ബ ട്രോസുകളുടെ കാര്യവും മാധ്യമങ്ങള്‍ നമ്മോടു പറയാറുണ്ട്. ഒരിക്കലും ദഹിക്കാത്ത അവ ഭക്ഷിച്ച് പസഫിക് സമുദ്രത്തിലെ മിഡ്‌വേ ദ്വീപില്‍ ചത്തുവീഴുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ചിത്രവും നമ്മെത്തേടിയെത്താറുണ്ട്. പക്ഷേ അവയ്‌ക്കൊന്നും നമ്മുടെ മനസ്സാക്ഷിയെ മഥിക്കാനാവുന്നില്ലല്ലോ. കരയും കടലുമൊക്കെ നമുക്ക് സുഖിക്കാന്‍ മാത്രമുള്ളതാണെന്ന ദുരയെ തിരുത്താനുമാവില്ലല്ലോ.
മനുഷ്യത്വം മരവിച്ച അത്തരം മനസ്സുകള്‍ക്കുള്ള മുന്നറിയിപ്പാണ് കടല്‍ത്തീരത്ത് കടലമ്മ വാരിവിതറുന്ന പ്ലാസ്റ്റിക് മാലിന്യ കൂനകള്‍! അപകടകരമായ ഭാവിയെ സൂചിപ്പിക്കുന്ന ഒരു മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: