നക്ഷത്രസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ മേന്മ അതിന്റെ കൃത്യതയാണ്. രാമശേഷന് സംക്ഷിപ്തമാക്കി. ഉപനക്ഷത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് നീളുന്ന അന്വേഷണം.
”ഈ സിദ്ധാന്തം വ്യാപകമായി സ്വീകരിക്കപ്പെടാത്തത് എന്തുകൊണ്ടായിരിക്കാം സാര്‍?”, പള്ളിപ്പുറത്തെ രാധ.
അതൊരു കാതലായ ചോദ്യമായി രാമശേഷന് ഉള്‍ക്കൊണ്ടു.
തിരക്കുപിടിച്ച ഇന്നത്തെ യന്ത്രജീവിതത്തില്‍ ഇത്രയും സൂക്ഷ്മായ വിശകലനം പ്രായോഗികമല്ല എന്നത് ഒരു കാരണം. ഈ സമ്പ്രദായത്തിന് തമിഴ്നാട്ടിലൊഴിച്ച് മറ്റെവിടേയും പ്രചാരകരില്ല എന്നത് മറ്റൊരു കാരണം.
”ഭാവിയില്‍ ഈ സിദ്ധാന്തം കാലഹരണപ്പെട്ടു പോകുമോ സാര്‍?”
കെ.എസ്. കൃഷ്ണമൂര്‍ത്തിയുടെ മക്കള്‍ നല്ല നിലയ്ക്ക് ചെന്നൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. വാരാന്ത്യക്ലാസ്സുകളില് കുറേ പേര് പഠിക്കുന്നു. സ്റ്റഡി മെറ്റീരിയല്‍ വരുത്തി പഠിച്ച് പരീക്ഷയെഴുതാനുള്ള സംവിധാനമുണ്ട്. ‘ജ്യോതിഷ വിശാരദ്’ ആണ് കോഴ്സിന്റെ പേര്.
തഞ്ചാവൂരില്‍ രാജദുരൈ സാറാണ് നക്ഷത്രസിദ്ധാന്തം പഠിപ്പിച്ചിരുന്നത്. പിന്‍സീറ്റിലിരുന്ന് ദിനകരന് സാര്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെകാര്യങ്ങള് മനസ്സിലാക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ തൊടുത്തു.
”ഗ്രഹങ്ങളുടെ ഗോചരഫലം ചികിത്സിക്കുമ്പോള്‍ നക്ഷത്രസിദ്ധാന്തം എങ്ങനെയാണ് പ്രാവര്‍ത്തികമാവുക?”
സൂചി വീണാല്‍ കേള്‍ക്കുമായിരുന്ന നിശ്ശബ്ദതയില്‍ ക്ലാസ്സ് വിറങ്ങലിച്ചു.
രാജദൂരൈ സാറും പെട്ടെന്ന് തടുമാറി. പിന്നെ ഉത്തരം കണ്ടെത്തി.
മിഥുനലഗ്നം നമുക്ക് ഉദാഹരണമായെടുക്കാം. അദ്ദേഹം വിശദീകരിച്ചു. ചാരവശാല്‍ വ്യാഴം പതിനൊന്നിലേക്ക് പ്രവേശിക്കുന്നു എന്നിരിക്കട്ടെ. സാമ്പ്രദായികമായി നമ്മള് പറയുക, ഇനി ഒരു വര്‍ഷം വ്യാഴം 11 ലാണ്. 11 ലാഭസ്ഥാനമാണ്. അതിനാല്‍ അടുത്ത ഒരു വര്‍ഷക്കാലം നിങ്ങള്‍ക്ക് ജീവിതത്തില്‍ പലവിധ ലാഭങ്ങളുമുണ്ടാകും എന്നൊക്കെയാണ്. എന്നാല്‍ അവിചാരിതമായി ഒരു നഷ്ടം സംഭവിക്കുമ്പോള്‍ നമ്മള് പ്രമാണത്തെ സംശയിക്കും, ചോദ്യം ചെയ്യും. ശരിയല്ലേ?
എല്ലാവരും പരസ്പരം മുഖം നോക്കി.
ദിനകരന് സാറുടെ മുഖത്ത് രാജദുരൈയില് നിന്നും ഉറവ പൊട്ടുന്ന ഉത്തരത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
മിഥുനലഗ്നത്തിന് 11-ാം ഭാവം ഏതാണ്? മേടം. മേടത്തില് മൂന്നു നക്ഷത്രങ്ങളുണ്ട്. അശ്വതി, ഭരണി, കാര്‍ത്തിക കാല്. നക്ഷത്രാധിപന്മാര്‍ യഥാക്രമം കേതു, ശുക്രന്, സൂര്യന്.
”അതെ സാര്‍…”
അടുത്തതെന്തെന്ന് കേള്‍ക്കാനുള്ള ആകാംക്ഷ, വെമ്പല്‍, പടപടപ്പ്.
ഗോചരവ്യാഴം കേതുവിന്റെ നക്ഷത്രത്തിലൂടെ സഞ്ചരിക്കുമ്പോഴത്തെ ഫലമായിരിക്കുമോ ശുക്രന്റെ നക്ഷത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍? സൂര്യന്റെ നക്ഷത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍?
അല്ല. അതൊരു സാമാന്യയുക്തി. കറയില്ലാത്ത, പഴുതില്ലാത്ത യുക്തി.
കേതുവിന്റെ നക്ഷത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ജാതകത്തില്‍ കേതു സ്ഥിതി ചെയ്യുന്ന ഭാവം ഉണരും. ആ ഭാവത്തിന് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കാണ് ലാഭമുണ്ടാവുക. ആറാം ഭാവത്തിലാണ് കേതു നില്ക്കുന്നതെങ്കില്, ആറ് രോഗഭാവമാണ്, രോഗംകൊണ്ടുള്ള ലാഭമുണ്ടാവും. ജാതകനെ രോഗം വലയ്ക്കുമെന്ന് സാരം. അപ്പോള്‍ വ്യാഴം 11 ലൂടെ സഞ്ചരിക്കുന്ന കാലമത്രയും ലാഭം എന്ന പതിവു പ്രമാണം തെറ്റിയോ?
”തെറ്റി സാര്‍…”
ദിനകരന് സാറുടെ മുഖത്തും പുതിയ അറിവു തട്ടിയതിന്റെ വെളിച്ചം.
ഇതോടെ തീര്‍ന്നില്ല, രാജദുരൈ സാര്‍ ചോക്കുകൊണ്ട് ബോര്‍ഡില്‍ മേടം രാശി വരഞ്ഞു. അതില്‍ അശ്വതി നക്ഷത്രത്തിന്റെ 13 ഡിഗ്രി 20 മിനിറ്റ് അടയാളപ്പെടുത്തി. അതില്‍ ഓരോ ഉപനക്ഷത്രത്തിന്റെയും ഭാഗയും കലയും രേഖപ്പെടുത്തി.
ഇനി ശ്രദ്ധിക്കൂ, പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടയില്‍ ഒന്നുനിന്നു. ആദ്യം നമ്മളെന്താണ് പറഞ്ഞത്, കേതുവിന്റെ നക്ഷത്രമായ അശ്വതിയിലൂടെ വ്യാഴം സഞ്ചരിക്കുന്ന കാലത്തെ ഫലം. ഇപ്പോള്‍ പറയുന്നു, അശ്വതിയുടെ അകത്തുള്ള ഒമ്പതു ഉപനക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഫലം ഒമ്പതായിരിക്കും. ഉപനക്ഷത്രാധിപന്മാര് ഏതേതെല്ലാം ഭാവങ്ങളില്‍ നില്ക്കുന്നുവോ ആ ഭാവങ്ങള്‍ ജീവന് വെച്ചുണരും. ആഗ്രഹങ്ങളുടെ കാരകത്വത്തിനും കിട്ടും ജീവന്മൂച്ച്.
നക്ഷത്രസിദ്ധാന്തത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് എന്തു പറയുന്നു?
രാജദുരൈ സാര്‍ ക്ലാസ്സില്‍ എല്ലാവരോടുമായി ചോദിച്ചു. ഉത്തരമില്ലാത്തവിധം എല്ലാവരുടേയും നാവിറങ്ങിപ്പോയിരുന്നു. ദിനകരന് സാര്‍ ആലോചനയില്‍ എന്തോ അന്വേഷിക്കുന്നതുപോലെ തോന്നി.
”ഈ സൂക്ഷ്മത തന്നെയാണ് ഈ സിദ്ധാന്തത്തിന്റെ ശാപവും…”, രാമശേഷന് കൂട്ടിച്ചേര്‍ത്തു. ”സമയമില്ലാതെ പരക്കം പായുന്ന ഈ വേഗയുഗത്തില് ആര്‍ക്കാണ് ഇതിനെല്ലാം നേരം? എത്രയും പെട്ടെന്ന് കാര്യമറിഞ്ഞ് സ്ഥലം വിടാനാണ് ആളുകള്‍ തിടുക്കപ്പെടുന്നത്…”
കുട്ടികള്‍ അതു ശരിവെച്ചു.
”പക്ഷേ അതുകൊണ്ടൊന്നും ഈ സിദ്ധാന്തത്തിന്റെ മഹത്വം ഇല്ലാതാവുന്നില്ല…,” രാമശേഷന് തുടര്‍ന്നു പറഞ്ഞു. ”സമയവും സാവകാശവുമുള്ളവര്‍ക്ക് ഇത് പരീക്ഷിച്ചു നോക്കാം…”
കര്‍ക്കടകം കഴിഞ്ഞ് ചിങ്ങത്തിലേക്ക് നിവരുകയാണ് ഋതു. അതിന്റെ ഇളപ്പമുള്ള വെയില്, തുമ്പികള്‍, വിടരാന്‍ വെമ്പുന്ന മൊട്ടുകള്‍…
”നിങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ ഇതില്‍ സ്പെഷലൈസ് ചെയ്യണം എന്നാണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത്…”
എംഎക്ക് ചേര്‍ന്ന കുട്ടികള്‍ക്ക് അത് മനസ്സില്‍ കൊണ്ടതുപോലെ തോന്നി.
”സാര്‍ നക്ഷത്ര സിദ്ധാന്തം ഉപയോഗിച്ച് നമുക്കൊരു സം ചെയ്താലോ?”, ഒറ്റപ്പാലത്തുകാരി രേവതി എഴുന്നേറ്റു. ”പരീക്ഷക്ക് പ്രയോജനവുമാവുമല്ലോ…”
ഒരു കണക്കു ചെയ്യല്‍ അത്ര എളുപ്പമല്ല. രാമശേഷന് ഓര്‍ത്തു. തനിക്കും ഒരു ഗൃഹപാഠം ആവശ്യമുണ്ട്.
”അടുത്ത ക്ലാസ്സിലാവാം…”
വലിയ വെളിച്ചമുള്ള കണ്ണുകളോടെ കുട്ടികള്‍ അന്നത്തേക്ക് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: