ഹൈദരാബാദ്: പോലീസിനെ അപമാനിച്ച തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) മുന്‍ എംപിക്ക് മറുപടിയായി ജോലിയിലിരിക്കെ മരിച്ചുപോയ പോലീസുദ്യോഗസ്ഥന്റെ ഷൂ വൃത്തിയാക്കി അതില്‍ ഉമ്മവച്ച് വൈഎസ്ആര്‍ എംപി. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ വാര്‍ത്താസമ്മേളനത്തിലാണ് ഷൂവില്‍ ഉമ്മവച്ച് ഗോരന്തല മാധവ് എംപി തന്റെ പ്രതിഷേധമറിയിച്ചത്.
ടിഡിപി വീണ്ടും അധികാരത്തിലെത്തിയാല്‍ പോലീസുകാരെക്കൊണ്ട് തന്റെ ചെരുപ്പ് വൃത്തിയാക്കിക്കുമെന്നായിരുന്നു മുന്‍ എംപി ജെ.സി. ദിവാകര്‍ റെഡ്ഡി പറഞ്ഞത്. ഇതില്‍ പ്രതിക്ഷേധിച്ചാണ് ഗോരന്തല മാധവ് എംപി ഷൂവില്‍ ഉമ്മവച്ചത്.ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയില്‍ ഹിന്ദുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗോരന്തല മാധവ്. രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്‍പ് കദിരി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്നു. ജോലി രാജിവച്ചാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്.
പാര്‍ട്ടി ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ എംപി സ്ഥാനം രാജിവച്ച് പോലീസില്‍ ചേരുമെന്നും ടിഡിപിനേതാവിനെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം നിലനിര്‍ത്താനുംരാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനുമായി രാപകലില്ലാതെ കഷ്ടപ്പെടുന്ന പോലീസ് സേനയെ റെഡ്ഡി അപമാനിക്കുകയാണ് ചെയ്തത്. അനന്ത്പൂരില്‍ ജോലിയിലിരിക്കെ മരിച്ചുപോയ പോലീസുദ്യോഗസ്ഥന്റെ ഷൂവാണിത്. ദുര്യോധനന്റെ ദുഷ്പ്രവൃത്തികള്‍ കണ്ടില്ലെന്നു നടിച്ച ധൃതരാഷ്‌ട്രരെ പോലെയാണ് മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ചെയ്ത തെറ്റ് കണ്ടില്ലെന്നു നടിക്കുകയാണ്, ഗോരാന്തല മാധവ് പറഞ്ഞു.
എന്നാല്‍, ഇതെല്ലാം നിഷേധിക്കുകയാണ് റെഡ്ഡി. താന്‍ പോലീസി സേനയെ മൊത്തമായോ ഒരാളെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പാവകളായി പ്രവര്‍ത്തിക്കുന്ന, ടിഡിപി അണികളെ അപമാനിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഉദ്ദേശിച്ചത്. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇതിനെ ആരും ഗൗരവമായി കാണരുതെന്നും ദിവകര റെഡ്ഡി പറഞ്ഞു.
















