വാഴൂര്‍ (കോട്ടയം): സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന നിര്‍ധനരായ വയോജനങ്ങള്‍ക്ക് താങ്ങാവാന്‍ കോട്ടയം ജില്ലയിലെ വാഴൂരില്‍ പുണ്യം ട്രസ്റ്റ് നിര്‍മിച്ച ‘വാനപ്രസ്ഥ’കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. 26ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 1.45ന് നടക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വി.ആര്. സുകുമാരന്‍ നായര്‍ അധ്യക്ഷനാകും. തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പകല്‍ വീടിന്റെ ഉദ്ഘാടനം കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മധു എസ്. നായര്‍ നിര്‍വ്വഹിക്കും. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊച്ചിന് ഷിപ്പ്യാര്ഡ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് കമ്മറ്റി ചെയര്മാന് ബി. രാധാകൃഷ്ണമേനോന് നിര്‍വഹിക്കും. ഡോ. എന്‍. ജയരാജ് എംഎല്‍എ ആദരിക്കല്‍ നിര്‍വഹിക്കും.
കൊച്ചിന് ഷിപ്പ്യാര്ഡ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് ബി. രാധാകൃഷ്ണമേനോന് മുന്‍കൈയെടുത്ത് ഷിപ്പ്യാര്ഡില് നിന്ന് 40 ലക്ഷം രൂപ മന്ദിരത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിനായി ലഭ്യമാക്കിയിരുന്നു. 10,362 സ്ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളിലായി 16 മുറികള്‍ ഉണ്ട്. 1.55 കോടി രൂപ നിര്‍മാണത്തിന് ചെലവായി. പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയാകുന്നത്.
അഞ്ച് സിംഗിള്‍ റൂം, ഏഴ് ഡബിള്‍ റൂം, മൂന്ന് പേര്‍ക്ക് വീതം താമസിക്കാവുന്ന മൂന്ന് മുറികളുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് താമസ സൗകര്യമുണ്ട്. യോഗ, മെഡിറ്റേഷന്‍ ഹാള്‍, 150 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. സത്സംഗം, വായനശാല, മറ്റ് വിനോദ സൗകര്യം, പൂന്തോട്ടം, ആധ്യാത്മിക ക്ലാസുകള്‍ എന്നിവയെല്ലാം വാനപ്രസ്ഥ കേന്ദ്രത്തിലുണ്ട്. സമീപത്തെ വയോജനങ്ങള്‍ക്കായി പകല്‍വീടും ഉണ്ടാകും.
2003ല്‍ ദേശീയ സേവാഭാരതിയോടനുബന്ധിച്ചാണ് പുണ്യം ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 2007ല്‍ ഗുരുജി ജന്മശതാബ്ദിയോടനുബന്ധിച്ച് പുണ്യം ബാലഭവന് തുടങ്ങി. അനാഥരായ ആണ്‍കുട്ടികളെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാലഭവന് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ 25 കുട്ടികള്‍ ഇവിടെയുണ്ട്. സാന്ദീപനി എന്ന പേരില്‍ വിദ്യാഭ്യാസ സഹായവും ആശ്രയ എന്ന പേരില്‍ നിര്‍ധനരായ രോഗികള്‍ക്ക് വൈദ്യസഹായവും ട്രസ്റ്റ് നല്കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: