ഒരുവിഭാഗം ആള്ക്കാര് രാജ്യത്ത് കലാപം സൃഷ്ടിക്കാനും മതപരമായ ചേരിതിരിവുണ്ടാക്കാനും ശ്രമിക്കുമ്പോള്‍, കലാപകാരികള്‍ക്ക് ഊര്‍ജ്ജം പകരുന്ന നിലപാട് ആരും സ്വീകരിക്കാന്‍ പാടില്ല. മാധ്യമ പ്രവര്‍ത്തകരായാലും കലാകാരന്മാരായാലും സാംസ്കാരിക പ്രവര്‍ത്തകരായാലും രാജ്യത്ത് സമാധാനാന്തരീക്ഷം പുലരാനാണ് ആഗ്രഹിക്കേണ്ടതും ആഹ്വാനം നല്‍കേണ്ടതും. എന്നാല്‍ സമീപകാല സംഭവങ്ങളില്‍ ഇക്കൂട്ടര്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ ഏറെ സംശയം ജനിപ്പിക്കുന്നതാണ്. ഇവര്‍ നടത്തുന്ന ഇടപെടലുകളിലും പ്രസ്താവനകളിലുമെല്ലാം ഭിന്നിപ്പിന്റെ സ്വരമാണ് നിഴലിക്കുന്നതെന്ന് വ്യക്തം.
കേന്ദ്രസര്‍ക്കാര്‍ ലോക്സഭയിലും രാജ്യസഭയിലും പാസ്സാക്കി, രാഷ്ട്രപതി ഒപ്പിട്ട, പൗരത്വ ഭേദഗതി ബില്ലിനെതിരെ വളരെ ചെറിയ വിഭാഗം നടത്തിവരുന്ന അക്രമ സമരങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് കേരളത്തിലെ ഒരു വിഭാഗം സാംസ്കാരിക നായകരും സിനിമാക്കാരും സ്വീകരിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമ സമരങ്ങളുടെ പ്രായോജകര്‍ ആരെന്ന് വ്യക്തമാണ്. കേന്ദ്രത്തില്‍ വീണ്ടും ഭരണത്തിലെത്തിയ ബിജെപി സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാത്തവര്‍ ഒരവസരമുണ്ടാക്കി അരാജകത്വത്തിലൂടെ നേരിടുകയാണ്. കലാപങ്ങളുണ്ടാക്കി, ജനജീവിതം സുരക്ഷിതമല്ലാതാക്കി, അശാന്തി സൃഷ്ടിക്കുകയാണവരുടെ ലക്ഷ്യം. നരേന്ദ്രമോദി സര്‍ക്കാരിനെ എതിര്‍ക്കുന്ന ചില മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരം മുതലാക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കിയാണിവര്‍ കലാപം സംഘടിപ്പിക്കുന്നത്. എന്നാല്‍ പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്തിപ്പോള്‍ താമസിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളുമുണ്ടാകില്ലെന്നും, ആശങ്കയ്ക്ക് വകയില്ലെന്നും പ്രധാനമന്ത്രിയടക്കമുള്ളവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും കലാപകാരികള്‍ അതൊന്നും ചെവിക്കൊള്ളുന്നില്ല.
അശാന്തിയുടെ ഈ അന്തരീക്ഷത്തിലേക്ക് കൂടുതല്‍ തീപകരുന്ന സമീപനമാണ് കേരളത്തിലെ സിനിമാക്കാര് സ്വീകരിച്ചത്. മുമ്പൊരിക്കലും ഉണ്ടാകാത്ത ‘നെറികെട്ട’ ഇടപെടലാണ് മമ്മൂട്ടിയടക്കമുള്ള താരങ്ങളില്‍ നിന്നുണ്ടായത്. ഒരുമയെ തകര്‍ക്കുന്ന ഏതിനെയും നിരുത്സാഹപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ പ്രതികരണം മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. എന്നാല്‍ ഒരുമയെ തകര്‍ക്കാന്‍ ഉറങ്ങിപ്പുറപ്പെട്ട കലാപകാരികള്‍ക്കാണ് അത് വളമായത്. മമ്മൂട്ടിയുടെ പ്രസ്താവന രാജ്യത്ത് കലാപം ആളിക്കത്തിക്കാനെ ഉപകരിക്കൂ. വാളയാറില്‍ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലചെയ്തപ്പോഴോ അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നപ്പോഴോ ഈ താരം പ്രതികരിച്ചില്ല. തിരുവനന്തപുരത്ത് വിശപ്പടക്കാന്‍ ഒരു കുട്ടി മണ്ണുവാരിത്തിന്നപ്പോഴും ഇദ്ദേഹം പ്രസ്താവനയുമായോ സഹായം ചെയ്യാനോ വന്നില്ല. ആ സന്ദര്‍ഭങ്ങളിലൊക്കെ ഈ താരവും ഒപ്പം പ്രതികരിച്ച താരങ്ങളും എവിടെപ്പോയിരുന്നു എന്നത് ന്യായമായ ചോദ്യമാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങളേക്കാള്‍ ദാരുണമായല്ലേ, തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വടക്കേ ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരില്‍ പ്രതികരിക്കുകയും രാജ്യം അപകടത്തിലെന്ന് കരയുകയും ചെയ്യുന്ന മെഗാസ്റ്റാറും മകനുമടക്കമുള്ള സിനിമാക്കാര് അപ്പോള്‍ എവിടെപ്പോയിരുന്നു? രാഷ്ട്രീയവും കൊടിയുടെ നിറവും മാത്രം നോക്കി പ്രതികരിക്കുന്ന ഒരുവിഭാഗം സിനിമാക്കാരുടെ നിലപാട് രാജ്യദ്രോഹപരം തന്നെയാണ്. പ്രതികരണ തൊഴിലാളികളായി രംഗത്തുവന്നവരില്‍ പലര്‍ക്കും പൗരത്വബില്ലും പൗരത്വ രജിസ്റ്ററും എന്താണെന്ന് പോലുമറിയില്ല. എതിര്‍ത്ത് രംഗത്തുവന്നാല്‍ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യവും സിപിമ്മില്‍ നിന്നും തീവ്രനിലപാടുള്ള ചില മത സംഘടനകളില്‍ നിന്നും കിട്ടിയേക്കാവുന്ന പിന്തുണയും സഹായവുമൊക്കെയാണിവര്‍ക്കു മുഖ്യം. ഇവരുടെ വിധേയത്വം ആരോടാണെന്നാണ് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നത്. അത്തരക്കാര്‍ക്ക് ഇടം വേറെയുണ്ടെന്ന് പറയാതിരിക്കാനാകില്ല.
മമ്മൂട്ടിയടക്കമുള്ള, ഇപ്പോള്‍ പ്രതികരണ തൊഴിലാളികളായ താരങ്ങള്‍ നല്ല അഭിനേതാക്കളാണ്. അഭിനയം സിനിമയില്‍ മാത്രം ആവശ്യമുള്ളതാണ്. കൊടിയുടെ നിറത്തിനനുസരിച്ച് തരാതരംപോലെയുള്ള അഭിനയം ഭൂഷണമല്ല. അസത്യം പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരും വലിയ വില നല്‍കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം ഒട്ടും വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: