മഹായാനസാഹിത്യങ്ങള്‍ ഉരുത്തിരിഞ്ഞാു വന്നപ്പോള്‍ (200 B. C. E) ആണ് ധമ്മങ്ങളുടെയെല്ലാം സത്താനിരാസം, ശൂന്യത എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. മഹായാനസിദ്ധാന്തങ്ങള്‍ പ്രചരിച്ച കാലത്ത് പാരമ്പര്യ ബൗദ്ധധാരയില്‍ ഉറച്ചു നിന്നവരെ ഹീനയാനികള്‍ എന്നു വിളിച്ചപോന്നു എന്ന് ദേബീപ്രസാദ് പറയുന്നു. ഈ ശൂന്യവാദത്തെ നാഗാര്ജുനന്, ആര്യദേവന്‍, കുമാരജീവന്, ചന്ദ്രകീര്‍ത്തി എന്നിവര്‍ ഏറ്റെടുത്തു വിപുലമാക്കി. സത്യത്തിലിത് ആദിമബൗദ്ധവാദത്തിന്റെ ഒരു കൈവഴി മാത്രമാണെന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. ഈ ലോകം നിത്യമോ അനിത്യമോ, തഥാഗതന് മരണശേഷം നിലനില്‍പ്പുണ്ടോ ഇല്ലയോ എന്നീ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം ഇല്ലെങ്കില്‍, നിത്യനായ ആത്മാവ് ഇല്ലെങ്കില്‍, ധര്‍മ്മങ്ങളെല്ലാം എപ്പോഴും മാറ്റത്തിനു വിധേയമെങ്കില്‍ അവയെല്ലാം ശൂന്യങ്ങളും അന്തസ്സാരശൂന്യങ്ങളുമാണെന്നു രുതുകയാണല്ലോ യുക്തി എന്ന് ഈ ആചാര്യന്മാര് ചിന്തിച്ചു.
പരസ്പരാശ്രിതങ്ങളാണ് എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ കാണായതൊന്നിനും ആ പ്രതീതിക്കപ്പുറമുള്ള അന്തസ്സത്തയോ, യാഥാര്‍ഥ്യമോ ഇല്ല. അശ്വഘോഷന്‍ മുന്നോട്ടുവെച്ച തഥതാസിദ്ധാന്തമാകട്ടെ മേല്‍പ്പറഞ്ഞ ശൂന്യവാദത്തിനും സത്താശൂന്യങ്ങളായ ഈ ധമ്മങ്ങള്‍ക്കെല്ലാം പിന്നില്‍ എന്തോ ഒന്ന് ഉണ്ട് എന്ന വൈദികവീക്ഷണത്തിനും മധ്യേ നിലക്കൊണ്ടു. ലോകത്തിന്റെ, ത്രിശങ്കുസ്വര്‍ഗം പോലുള്ള, ഈ അവസ്ഥയെ ആണ് അദ്ദേഹം തഥതാ എന്നു പറഞ്ഞത്. ഏതാണ്ട് ഈ ഘട്ടത്തില്‍ തന്നെയാണ് വിജ്ഞാനവാദത്തിന്റെയും ആവിര്‍ഭാവം എന്നാണ് ദാസ്ഗുപ്ത കരുതുന്നത്. ഈ വിജ്ഞാനവാദം പ്രഥമദൃഷ്ട്യാ ശൂന്യവാദത്തിന്റെയും തഥതാവാദത്തിന്റെയും മിശ്രണമാണെന്നു കരുതാമെങ്കിലും സൂക്ഷമത്തില്‍ അത് ശൂന്യവാദം തന്നെയാണെന്നും അനുഭൂതപ്രപഞ്ചത്തെ വിശദീകരിക്കാനുള്ള പരിശ്രമം കൂടി അതിലുണ്ടെന്നേ ഉള്ളൂ എന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു.
എല്ലാം അന്തസ്സത്താശൂന്യമെങ്കില്‍ ഇവ എവിടെ നിന്നും വന്നു? ഈ ചോദ്യത്തിനു വിജ്ഞാനവാദികളുടെ ഉത്തരം ഈ എല്ലാ പ്രതിഭാസങ്ങളും മനസ്സിന്റെ അനാദിയായ വാസന (Desire) ഉത്പാദിപ്പിക്കുന്ന മനസ്സിലെ തന്നെ ആശയങ്ങളാണ് എന്നതാണ്. ഈ പ്രതിഭാസങ്ങളെ എല്ലാം ഉത്പാദിപ്പിക്കുന്ന ഒരു നിത്യസത്ത ഉണ്ട് എന്നത് അംഗീകരിക്കാന്‍ തഥതാവാദികള്‍ക്കും വിജ്ഞാനവാദികള്‍ക്കും കഴിയുന്നില്ല. വിജ്ഞാനവാദികള്‍ക്ക് ആ സത്തയെ അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ വാദങ്ങള്‍ അത്തരമൊരു സത്തയുടെ അസ്തിത്വത്തിലേക്കു നയിച്ചു. വിജ്ഞാനവാദികള്‍ക്ക് പ്രശ്നം വേണ്ടതുപോലെ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിഞ്ഞില്ല. എന്നു മാത്രമല്ല ബൗദ്ധരുടെ ഔദ്യോഗികനിലപാടിനു വിരുദ്ധമായ (herectical) വൈദികനിലപാടിനോടു സന്ധി ചെയ്യലാണെന്ന് അവര്‍ സമ്മതിക്കുകയും വിരുദ്ധനിലപാടുകാരെ ബോധ്യപ്പെടുത്താന്‍ ഇതു കൂടിയേ തീരൂ എന്നും അവര്‍ പറഞ്ഞു. സത്യത്തില്‍ വിജ്ഞാനവാദികളുടെ യഥാര്‍ഥസത്ത ശൂന്യവാദത്തിലെ അന്തസ്സത്താശൂന്യം തന്നെ ആണ്. വിജ്ഞാനവാദഗ്രന്ഥങ്ങള്‍ വിരളമായതിനാല്‍ അതിന്റെ നിലപാടുകളെന്തെന്നു സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല. മേല്‍പ്പറഞ്ഞ മൂന്നു ബൗദ്ധസി്ദ്ധാന്തങ്ങളും ഏതാണ്ട് ഒരേ കാലത്തുണ്ടായവയാണ് എന്നും അവയുടെ മൗലികകല്‍പ്പനകളായ ശൂന്യത (Void), തഥതാ (Thatness), വിജ്ഞാനവാദികളുടെ ആലയവിജ്ഞാനം എന്നിവയെ ബോധ്യപ്പെടല്‍ ദുഷ്കരവുമാണെന്നും ദാസ്ഗുപ്ത പറയുന്നു. അശ്വഘോഷന്റെ തഥതാ സിദ്ധാന്തം ഏതാണ്ട് അദ്ദേഹത്തോടൊപ്പം തന്നെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: