അറിഞ്ഞുകൊണ്ട് വ്യാജം പ്രചരിപ്പിക്കുന്നതാണ് ഏറ്റവും നീചമായ മാധ്യമ പ്രവര്‍ത്തനം. അതാണ് ഇന്ന് മലയാള മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. പക്ഷേ അതിനെക്കുറിച്ച് ഞാന്‍ എന്റെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ ആസാമില്‍ നടക്കുന്ന പ്രക്ഷോഭവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭവും പൗരത്വ ബില്ലിന് എതിരായി നടക്കുന്ന വലിയ സമരം എന്ന മട്ടിലാണ് പറഞ്ഞുകേട്ടത്. സത്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരം പൗരത്വ ഭേദഗതിയിലെ തത്വം കൂടുതല്‍ തീവ്രമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ്. അതായത് ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിവരും അല്ലാത്തവരുമായ ഒരു പൗരനേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വം നല്‍കി കുടിയിരുത്തരുത് എന്നാണ് അവരുടെ ആവശ്യം. ആ തെറ്റിദ്ധാരണ നീക്കുന്നതിനായി വടക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള മേഘാലയയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തിയിരുന്നു. അവരുടെ തെറ്റിദ്ധാരണ നീക്കുകയും ചെയ്തു. പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ആ സംസ്ഥാനത്ത് പ്രത്യേക അനുമതി കൂടാതെ പുറത്തുനിന്നൊരാള്‍ക്ക് ഭൂമി വാങ്ങാനോ ജോലി ചെയ്യാനോ സാധ്യമല്ല. അതിപ്പോഴും നിലവിലുള്ളതാണ്. അവരെ തെറ്റിദ്ധരിപ്പിച്ച് ബംഗ്ലാദേശികളെ അവിടെ കുടിയിരുത്താന്‍ പോകുന്നു എന്ന് പറഞ്ഞാണ് ഇതിനകം തന്നെ കെട്ടടങ്ങുമായിരുന്ന സമരത്തെ മാധ്യമങ്ങള്‍ ഇത്ര രൂക്ഷമാക്കിയത്. ഇത് മനസ്സിലാക്കിയ മേഘാലയയിലെ ജനത സമരത്തില്‍ നിന്ന് പിന്മാറി. ആസാമിലാണ് കുറച്ചെങ്കിലും ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനൊരു കാരണമുണ്ട്. അത് അവരുടെ അനുഭവം കൊണ്ടാണ്. ആസാമില്‍ 50 ശതമാനത്തോളം ബംഗ്ലാദേശികള്‍, മുമ്പ് പാക്കിസ്ഥാന്റെ ഭാഗമായിരുന്ന സ്ഥലത്തുനിന്ന് കുടിയേറുകയും ആസാം ജനതയുടെ അവകാശങ്ങളില്‍ കുറവു വരുത്തുന്ന വിധം താമസിക്കുകയും ചെയ്തു. ആസാമിലെ രാഷ്‌ട്രീയ നേതാക്കള്‍ വോട്ടുകിട്ടുന്നതിന് വേണ്ടി റേഷന്‍ കാര്‍ഡുള്‍പ്പടെയുള്ളവ നല്‍കി അവരെ അവിടെ നിലനിര്‍ത്തുകയായിരുന്നു. ഫലമോ മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നര ഇരട്ടി പുതിയ വോട്ടര്‍മാര്‍ അറുപതോളം മണ്ഡലങ്ങളില്‍ ഉണ്ടായി. 1980 കളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. തുടര്‍ന്ന് ആസാം ജനത തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഗാന്ധിയന്‍ മാതൃകയില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന് വിജയിച്ച സമരങ്ങളില്‍ ഒന്നായിരുന്നു ആസാമിലെ ഈ സമരം. വിദേശികള്‍ക്കും വോട്ടവകാശം വേണം എന്ന തലക്കെട്ടില്‍ അന്ന് ഞാന്‍ സമരത്തെ അനുകൂലിച്ച് ലേഖനം എഴുതിയിരുന്നു. അസാധുവിനേക്കാള്‍ കുറവ് വോട്ടുനേടി 15 ഇടതുപക്ഷ എംഎല്‍എമാര്‍ നാണം കെട്ടു.
ആസാം ജനത അവരുടെ സംസ്‌കാരം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ സമരമാണത്. മനപൂര്‍വ്വം അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുകയാണ് ഇവിടെ മാധ്യമങ്ങള്‍ ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പോലും പാക്കിസ്ഥാനികള്‍ക്കോ ബംഗ്ലാദേശികള്‍ക്കോ ആരും ജോലി നല്‍കാറില്ല. കാരണം അവര്‍ പ്രശ്‌നക്കാരാണെന്ന ചിന്ത ദൃഢമാണ്. അതേസമയം ഇന്ത്യാക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ബഹുമാനം ലഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് ജോലി ലഭിക്കില്ല എന്നതരത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടുത്തെ മാധ്യമങ്ങള്‍ ചെയ്യുന്നത്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന തരത്തിലാണ് മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുന്നത്. ഭരണഘടനയ്‌ക്ക് അനുകൂലമാണ് ഈ നിയമം എന്ന വിധിവരാന്‍ സാധ്യതയുണ്ടെന്നും ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് മനസ്സിലായിത്തുടങ്ങി. കോണ്‍ഗ്രസിലെ കപില്‍ സിബല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അത് മനസ്സിലായതുകൊണ്ടാണ് അവര്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്നത്. സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പൗരത്വം പരിശോധിക്കപ്പെടുമോ എന്ന ഭയം അവരെ അലട്ടുന്നു. അവര്‍ക്ക് പൗരത്വം ലഭിച്ചത് ശരിയായ രീതിയില്‍ അല്ല എന്ന ആരോപണം സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്. ലോകത്തിലെ സമ്പന്നയായ രാഷ്‌ട്രീയ പ്രവര്‍ത്തകരാണ് സോണിയയും രാഹുലും എന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഈ പണം ഉപയോഗിച്ചാണ് ഇപ്പോള്‍ നടത്തുന്ന കള്ള പ്രചാരണങ്ങള്‍ മുഴുവന്‍ എന്ന് ഞാന്‍ സംശയിക്കുന്നു.
രാമചന്ദ്ര ഗുഹയെപ്പോലുള്ള ചരിത്രകാരന്മാര്‍ സമരം നടത്തി അറസ്റ്റിലായി. അദ്ദേഹം രചിച്ച ആധുനിക ഇന്ത്യയുടെ നിര്‍മാതാക്കള്‍ എന്ന ഗ്രന്ഥത്തിന്റെ അവസാനം ഹമീദ് ദല്‍വായിയെക്കുറിച്ചാണ്. ദ ലാസ്റ്റ് മോഡേണിസ്റ്റ് എന്ന വിശേഷണമാണ് രാമചന്ദ്ര ഗുഹ ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നതും. മുസ്ലിം പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ എന്ന ഹമീദ് ദല്‍വായിയുടെ പുസ്തകത്തില്‍, മുസ്ലിങ്ങള്‍ എല്ലാക്കാലത്തും ഹിന്ദുക്കളെ കുറ്റം പറയുന്നവരാണെന്നും അവരുടെ മനസ്സ് മാറാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യം തുറന്നെഴുതിയ ഹമീദിനെയാണ് രാമചന്ദ്ര ഗുഹ ആധുനിക ഇന്ത്യയുടെ നിര്‍മാതാക്കളില്‍ ഒരാളായി തന്റെ പുസ്തകത്തില്‍ ചിത്രീകരിച്ചത്. ഇപ്പോള്‍ രാമചന്ദ്ര ഗുഹ ഈ സമരത്തെ പിന്തുണച്ച് രംഗത്ത് വന്നത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയേയും സംശയിക്കേണ്ടിയിരിക്കുന്നു.
മാധ്യമങ്ങള്‍ എന്താണ് പൗരത്വ ബില്‍ എന്നതിനെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നില്ല. ഈ നിയമ ഭേദഗതി ഇന്ത്യയിലെ ആരേയും ബാധിക്കുന്നതല്ല. ഇതുപോലെ രാജ്യവിരുദ്ധ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടുമില്ല. ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ വരെ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നു. എല്ലാ ഇന്ത്യാവിരുദ്ധ ശക്തികളും ഇവിടെ സംഘടിതമായി പ്രവര്‍ത്തിക്കുന്നു. 1963 വരെ ന്യൂയോര്‍ക്കിലെ സര്‍വ്വകലാശാലകളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല എന്ന് ഇവിടുത്തെ എത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയാം.
ഇന്ത്യയെ ആക്രമിച്ച് കീഴടക്കിയവര്‍പോലും ഹൈന്ദവവത്കരണത്തിന് വിധേയരായി എന്നാണ് കാറല്‍മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. ഇത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. ജനാധിപത്യത്തിന്റെ ആധാരമായ സഹിഷ്ണുതയുടെ സംസ്‌കാരമാണത്. ഇസ്ലാമിനെ സംബന്ധിച്ച് അങ്ങനെയൊന്നില്ല. അതുകൊണ്ടുതന്നെ ഇസ്ലാം രാജ്യങ്ങള്‍ ജനാധിപത്യപരമാണെന്ന് പറയുക സാധ്യമല്ല.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്ന മാധ്യമങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഒന്ന് വായിച്ചുനോക്കാന്‍ എങ്കിലും തയ്യാറാവണം. പൗരത്വം എന്ന തലക്കെട്ടില്‍ ഒരു അധ്യായം തന്നെയുണ്ട്. പൗരത്വ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരം അതില്‍ വളരെ വ്യക്തമാണ്. മാധ്യമങ്ങള്‍ ഒന്നും അറിയാതെയല്ല കള്ള പ്രചാരണം നടത്തുന്നത്. പണം പറ്റിക്കൊണ്ടുതന്നെയാണ് ഇവര്‍ ഇത്തരത്തിലൊരു രാജ്യദ്രോഹ പ്രചരണം നടത്തുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. മാധ്യമങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ രാജ്യദ്രോഹ പ്രവര്‍ത്തികൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ പറ്റുമോ, വേഗത്തില്‍ പുരോഗമനംനേടാന്‍ പറ്റുമോ എന്നൊക്കെയാണ് നോക്കുന്നത്. ഇതിന്റെ മറവില്‍ അവര്‍ നടത്തുന്നത് വര്‍ഗീയവാദമാണ്. മുസ്ലിങ്ങള്‍ സാമ്പത്തിക ശേഷിയുള്ളവരായതിനാല്‍ മുസ്ലിം പ്രീണനമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. മാത്രമല്ല അവരെ മാധ്യമങ്ങള്‍ ഭയക്കുകയും ചെയ്യുന്നു.
രാജ്യത്ത് മോദി വിരുദ്ധശക്തികള്‍ ഒന്നിച്ചുചേര്‍ന്ന് നടത്തുന്ന മരണവെപ്രാളമാണ് ഇപ്പോഴത്തെ സമരം. അത് വേഗം കെട്ടടങ്ങും. തീവണ്ടി കത്തിക്കുന്നതും അക്രമം നടത്തുന്നതും രാജ്യത്തെ ജനത കണ്ടുകൊണ്ടിരിക്കുന്നു. മുസ്ലിങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് പോലും ന്യായമായ കുടിയേറ്റത്തിന് അവസരമില്ല. എന്റെ അഭിപ്രായത്തില്‍ ഇതൊരു രണ്ടാമത്തെ നവ ഖിലാഫത്ത് സമരമാണ്. അതായത് മുസ്ലിങ്ങളുടെ അന്തര്‍ദേശീയ കൂട്ടായ്മ വളര്‍ത്തിയെടുക്കാനുള്ള ശ്രമം. സാധാരണ മുസ്ലിങ്ങള്‍ ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രമുഖ അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ ഹരീഷ് സാല്‍വയെപ്പോലുള്ളവര്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് പറഞ്ഞു കഴിഞ്ഞു. പക്ഷെ മോദി വിരുദ്ധതയാണ് സത്യം പറയുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് പറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മുസ്ലിം ലീഗ് കേസുകൊടുത്തതും അവരുടെ അണികളെ ഭയന്നുകൊണ്ടാണ്. വിധി വന്നാല്‍ അത് അനുസരിക്കാതിരിക്കാന്‍ അവര്‍ക്ക് പറ്റുമോ? ഭരണഘടന പാലിക്കലാവണം അധികാരികളുടെ ചുമതല. ക്രമസമാധാനം നടപ്പാക്കുന്നതിന് ചിലപ്പോള്‍ പോലീസിന് അക്രമകാരികള്‍ക്കുനേരെ വെടിവയ്‌പ്പ് നടത്തേണ്ടി വരും. അക്രമാസക്തമായ സമരത്തെ അടിച്ചമര്‍ത്തുക തന്നെവേണം.
എന്തുകൊണ്ട് പൗരത്വഭേദഗതി നിയമത്തില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നാണ് ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. നീതി പൂര്‍വ്വമായ വിവേചനമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഇസ്ലാമിക രാജ്യത്ത് മതപരമായ അക്രമങ്ങള്‍ക്ക് ആ വിഭാഗക്കാര്‍ ഇരയാവില്ല. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പീഡനത്തിന് വിധേയരാകുന്നുണ്ട് എന്ന കള്ളപ്രചാരണവും മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. എങ്കില്‍ അങ്ങനെയുള്ള ഒരു രാജ്യത്തേക്ക് എന്തിനാണ് മുസ്ലിങ്ങള്‍ വരുന്നത് എന്നതൊരു സാമാന്യ യുക്തിയുള്ള ചോദ്യമല്ലേ. അതെന്തുകൊണ്ട് ആരും ചോദിക്കാന്‍ തയ്യാറാകുന്നില്ല. സത്യത്തില്‍ മുസ്ലിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം ഉള്ള രാജ്യമാണ് ഇന്ത്യ. മുസ്ലിം ഭരണകൂടം മുസ്ലിങ്ങളെ മതപരമായി മര്‍ദ്ദിച്ച് അഭയാര്‍ത്ഥികളുടെ നിലയിലെത്തിക്കില്ല എന്ന അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വിവേചനം. അത് നിതീപൂര്‍വ്വമായ വിവേചനമാണ്. മാധ്യമങ്ങളും ബുദ്ധിജീവികളും ഈ ചോദ്യം ഉന്നയിക്കുന്നില്ല എന്നതുതന്നെ അവരുടെ കാപട്യത്തിന് ഉദാഹരണമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷതപുലര്‍ത്തേണ്ട വിഭാഗമാണ്. ജനാധിപത്യത്തിന്റെ ഭാഗമായി നടത്തേണ്ടതാണ് മാധ്യമ പ്രവര്‍ത്തനം. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ധര്‍മ്മമല്ല.
ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധം പരാജയപ്പെടും. ഇന്ന് പ്രതിഷേധിക്കുന്നവര്‍ ആത്മപരിശോധന നടത്തേണ്ടി വരും. ഇന്ത്യന്‍ മുസ്ലിമുമായി യാതൊരു ബന്ധവുമില്ലാത്ത ഈ നിയമത്തെ അവര്‍ എന്തിനാണ് എതിര്‍ക്കുന്നത്. മുസ്ലിമിന് മതമാണ് പ്രധാനം. രാഷ്‌ട്രത്തിന് അതിന് ശേഷമാണ് അവരുടെയുള്ളില്‍ സ്ഥാനം. ഈ മതചിന്തയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കും കാരണം.
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: