മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവരെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ കലാപം അഴിച്ചുവിടാന്‍ കേരളത്തില്‍ നിന്ന് എത്തിയത്. ആയുധങ്ങളുമായാണ് ഇവര്‍ എത്തിയത്. പോലീസ് സ്റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കിയത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.
മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബസവരാജ് ബൊമ്മൈ ഡല്‍ഹിയില്‍ പറഞ്ഞു. പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ കാരണമാണ് ഈ പ്രതിഷേധങ്ങള്‍ നടക്കുന്നത്. അക്രമികളെ കര്‍ശനമായി നേരിടുമെന്നും ബസവരാജ് പറഞ്ഞു.
















