ജയ്‌പൂര്‍: ഇന്ത്യയിലെ ഒരു മുസ്ലിം പോലും പൗരത്വ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് അജ്മീര്‍ ദര്‍ഗയിലെ ആത്മീയ നേതാവ് സൈനുള്‍ അബ്ദീന്‍ അലി ഖാന്‍. പൗരത്വ നിയമം മുസ്ലിം സമുദായത്തിനു എതിരാണെന്ന പ്രചാരണം തെറ്റാണ്. സ്വന്തം പൗരത്വത്തിനു അപകടമുണ്ടാകുമെന്ന് കരുതി ആരും ഭയപ്പെടേണ്ടതില്ല. മുസ്ലിം സമുദായാംഗങ്ങള്‍ക്കിടയില്‍ പൗരത്വ നിയമത്തെ സംബന്ധിച്ച് ഭയവും, കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്. അതിനു മാറ്റമുണ്ടാകണം. അതിനായി ഒരു ഉന്നത തല മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ആ സമിതിക്ക് മുസ്ലിം സമുദായത്തിന്റെ വികാരങ്ങളെ മനസ്സിലാക്കി ഭീതി മാറ്റി നല്‍കാന്‍ സാധിക്കും. അവരുടെ ആവലാതികള്‍ കേട്ടതിനു ശേഷം വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് കമ്മിറ്റി സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ പുതിയ നിയമത്തെക്കുറിച്ചുള്ള ഭയവും കെട്ടുകഥകളും സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
ഇന്ത്യയില്‍ താമസിക്കുന്ന ഒരു മുസ്ലിമിനും എതിരല്ല പൗരത്വ നിയമമെന്ന് എല്ലാവരും അറിയേണ്ടതുണ്ട്. ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ തെറ്റ് ചെയ്താല്‍ പോലും അവരുടെ ഭാവിയെ കരുതി പോലീസ് കടുത്ത നടപടികള്‍ എടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
















