ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടോടി വന്ന അഭയാര്‍ഥികളെ മതേതരത്വം പഠിപ്പിക്കാന്‍ ശ്രമിച്ച ഇടതു അനുകൂല സാമൂഹ്യപ്രവര്‍ത്തക മേധാ പട്ക്കറെ ഓടിച്ചുവിട്ടു. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ദല്‍ഹിയിലെ രാജ്ഘട്ടില്‍ ധര്‍ണ നടത്തിയ പാക്-അഫ്ഗാന് അഭയാര്‍ഥികളുടെ പ്രതിഷേധത്തിനാണ് മേധാ പട്ക്കര്‍ ഇരയായത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഭയാര്‍ഥിക്കൂട്ടം മേധയ്ക്കെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയതോടെ അവര്‍ കാറില്‍ കയറി സ്ഥലംവിട്ടു.
മുസ്ലീങ്ങളെക്കൂടി ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതിബില്‍ പരിഷ്കരിക്കാന്‍ പിന്തുണ തേടിയാണ് മേധ സമരവേദിയിലെത്തിയത്. എന്നാല്‍ ഇവരുടെ ലക്ഷ്യം പറഞ്ഞതോടെ അഭയാര്‍ഥികള്‍ രോഷാകുലരായി. മുസ്ലിം പീഡനം അസഹനീയമായതിനെ തുടര്‍ന്നാണ് ജനിച്ചുവളര്‍ന്ന നാടുവിട്ട് അഭയം തേടി ഇന്ത്യയിലേക്ക് വരേണ്ടിവന്നതെന്നും മതേതരത്വം എന്തെന്ന് പാക്കിസ്ഥാനികളെ പോയി പഠിപ്പിക്കാനും അഭയാര്‍ഥി സ്ത്രീകള്‍ മേധയോട് ക്ഷോഭത്തോടെ പറഞ്ഞു.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജീവന് രക്ഷിക്കാനായാണ് ഇന്ത്യയിലേക്കെത്തിയത്. ഇവിടെ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വര്‍ഷങ്ങളായി കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് സഹായിച്ചത്. ഇനി ഇവിടേക്ക് കൂടി ആ അക്രമികളെ കൊണ്ടുവരണമെന്നാണോ നിങ്ങള്‍ പറയുന്നത്’, മേധയോട് രോഹിണിയിലെ പാക്-അഫ്ഗാന് അഭയാര്‍ഥി കോളനിവാസികളായ സ്ത്രീകള്‍ ചോദിച്ചു. മോദി മോദി വിളികളോടെയാണ് മേധയെ അഭയാര്‍ഥികള്‍ ആട്ടിപ്പായിച്ചത്.
പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ ഹിന്ദു-സിഖ് സമുദായാംഗങ്ങളുടെ പ്രതിനിധികള്‍ ഇന്നലെ ബിജെപി കേന്ദ്രകമ്മറ്റി ഓഫീസിലെത്തി നന്ദി പറഞ്ഞിരുന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ ഇവരെ സ്വീകരിച്ചു. എത്ര വലിയ പ്രതിഷേധം രാജ്യത്തുണ്ടായാലും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് നദ്ദ ഇവര്‍ക്ക് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: