മഹിഷീ നിഗ്രഹത്തിന്റെ പുണ്യഭൂമി. മതസാഹോദര്യത്തിന്റെ വിളനിലം. ഹരിഹരപുത്രനായ മണികണ്ഠന് അമ്മയുടെ രോഗംമാറ്റാന്‍ പുലിപ്പാലു തേടി കാട്ടിലേക്കുള്ള യാത്രയില്‍ ആദ്യമെത്തിയതും എരുമേലിയില്‍. അതും തന്റെ അവതാരലക്ഷ്യം നേടാന്‍. നാടിനെ വിറപ്പിച്ച മഹിഷിയുമായി മണികണ്ഠന് ഏറ്റുമുട്ടി. മഹിഷിയെ നിഗ്രഹിച്ചത് എരുമേലിയിലാണ്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കലാണ് പേട്ടതുള്ളല്‍. വൃശ്ചികം പിറന്നാല്‍ എരുമേലിയില്‍ പേട്ട തുള്ളലിന്റെ ആരവങ്ങള്‍ ഉണരുകയായി.
രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന പുരുഷന്മാരെ കടിച്ചു കീറുമായിരുന്ന മഹിഷിയെയാണ് അയ്യപ്പന് ശരം കൊണ്ട് കുത്തിക്കൊന്നത്. രാത്രിയിലായിരുന്നു ഏറ്റുമുട്ടല്‍. പുലര്‍ച്ചയായതോടെ മഹിഷിയെക്കൊണ്ടുള്ള ഉപദ്രവം അവസാനിച്ചതായി മനസ്സിലാക്കിയ നാട്ടുകാര്‍ മഹിഷിയുടെ ഡജം ഒരു കമ്പില്‍ കെട്ടിത്തൂക്കി ആനന്ദനൃത്തം ചവിട്ടി. ഇതിന്റെ ഓര്‍മയാണ് കയ്യില്‍ ശരക്കോലുമായി ഇന്നും തുടരുന്ന പേട്ടതുള്ളല്‍. ശബരിമലയില്‍ നടതുറക്കുന്നതിനൊപ്പം എരുമേലി പേട്ടതുള്ളലും ആരംഭിക്കുമെങ്കിലും ധനു 27നാണ് അമ്പലപ്പുഴ, ആലങ്ങാട്ടുകാരുടെ ഐതിഹ്യപ്പെരുമയുള്ള തുള്ളല്‍. അയ്യപ്പസ്വാമിയുടെ വീരേതിഹാസങ്ങളെ നെഞ്ചേറ്റി ലാളിക്കുന്ന ഈ മലയോര ഭൂമി ഭക്തരുടെ ഒരിടത്താവളംകൂടിയാണ്. എരുമയുടെ തലയുള്ള മഹിഷിയെ വധിച്ചതിനാല്‍ ഇവിടം എരുമകൊല്ലിയായി അറിയപ്പെട്ടു. പിന്നീട് എരുമേലിയായും മാറി.
എരുമേലിയിലെ പ്രസിദ്ധമായ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വില്ലും ശരവും കൈകളിലേന്തി പോരാളിയായി നില്ക്കുന്ന ശാസ്താവിന്റെതാണ് പ്രതിഷ്ഠ. ഈ പൗരാണിക ക്ഷേത്രത്തിനടുത്തുതന്നെ അയ്യപ്പസ്വാമിയുടെ സന്തതസഹചാരിയായിരുന്ന വാവരുടെ പള്ളിയും സ്ഥിതിചെയ്യുന്നു. വാവരുടെ പള്ളിക്ക് സമീപംതന്നെ പേട്ടയില്‍ ശാസ്താവിന്റെ കൊച്ചമ്പലവും സ്ഥിതിചെയ്യുന്നു. മഹിഷീനിഗ്രഹാര്ത്ഥം എരുമേലിയിലെത്തിയ അയ്യപ്പസ്വാമി രാപാര്‍ത്തു എന്ന് കരുതുന്ന ഒരു വൃദ്ധയുടെ ഓലമേഞ്ഞ അതിപുരാതനമായ ഒരു ഭവനവും ഇവിടെയുണ്ട്. മഹിഷിയുമായുള്ള പോരാട്ടത്തിന് ഭഗവാന് ഉപയോഗിച്ചു എന്ന് കരുതുന്ന ഏതാനും ആയുധങ്ങളും ഇവിടെ ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: