ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗവും പാകിസ്ഥാന്‍ നരകവുമാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെ നിരവധി ചൂഷണങ്ങളാണ് അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്നതെന്നും നഖ്‌വി പറഞ്ഞു.
രാജ്യത്ത് കലാപപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വളരെ അപകടകരമായ ഒരു മാനസികാവസ്ഥയില്‍ നിന്നാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഉണ്ടാവുന്നത്. രാജ്യത്തെ വിഭജിക്കാനാണ് ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലീംങ്ങള്‍ക്ക് ഇന്ത്യന്‍ ജീവിക്കാനാവില്ലെന്ന് പറയുന്നത് തീര്‍ത്തും അസത്യമാണെന്നും നഖ്‌വി പറഞ്ഞു.
വര്‍ഷങ്ങളായി രാജ്യത്തു ജീവിച്ചുപോരുന്ന മുസ്ലീംങ്ങള്‍ക്ക് ഈ നിയമം കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. രാജ്യത്ത് മുസ്ലീംങ്ങളുടെ പൗരത്വം സുരക്ഷിതമാണ്. ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും നഖ്‌വി പറഞ്ഞു.
















