തിരുവനന്തപുരം: പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് ദല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം ശെയ്ദ് അഹമ്മദ് ബുഖാരി നടത്തിയ പ്രസ്താവന യാഥാര്‍ഥ്യം മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.
സ്വന്തം നിലനില്‍പ്പിനെ ബാധിക്കുമോ എന്നു പോലും നോക്കാതെ നേരിന്റെ പക്ഷത്തുനില്‍ക്കാന്‍ ഇമാം തയ്യാറായത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്തുള്‍പ്പെടെ ആ സമുദായം പ്രകടിപ്പിച്ച ധീരതയുടെയും ആര്‍ജ്ജവത്തിന്റെയും തുടര്‍ച്ചയാണ്. അത് ഈ രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിന് മുസ്ലീങ്ങള്‍ മനസ്സിലാക്കുക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍ അവര്‍ ചില നേതാക്കളെപ്പോലെ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ദാസ്യവേല ചെയ്യുന്നവരല്ലെന്ന് ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചു.
കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നവര്‍ യാഥാര്‍ത്ഥ്യബോധത്തോടെ അത് തുറന്നു പറയുന്നതിന് മികച്ച ഉദാഹരണമാണ് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ദല്‍ഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതി ഇന്ത്യക്കാരായ ഒരൊറ്റ മുസ്ലിമിനെപ്പോലും ബാധിക്കില്ലെന്ന് അദ്ദേഹം സംശയങ്ങള്‍ക്ക് ഇടനല്‍കാത്ത വിധമാണ് വ്യക്തമാക്കിയിരിക്കുന്നത്.
പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്നവരില്‍ ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായമായ മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്കാണ് പുതിയ നിയമഭേദഗതിയിയിലൂടെ പൗരത്വം നല്‍കുന്നത്. ഇത് ഇന്ത്യക്കാരായ മുസ്ലീങ്ങളെ ഒരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ല. ഈ സത്യമാണ് അദ്ദേഹം തിരിച്ചറിയുകയും വിളിച്ചു പറയുകയും ചെയ്തിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
















