കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ തെളിവുകള്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് പരിശോധിക്കും. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാനാവില്ലെന്നും വേണമെങ്കില്‍ കാണാമെന്നും അറിയിക്കുകയായിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പടെ 6 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്‌ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക.
ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ നല്‍കിയത്. ദൃശ്യങ്ങള്‍ ഒറ്റയ്‌ക്കു പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാണ് ദിലീപ് അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് അനുവദിച്ചില്ല. ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിര്‍ദേശിച്ചത് ദിലീപ് മാത്രമാണ്.
















