തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ കോളേജില്‍ എബിപിവി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. എബിവിപി സംസ്ഥാന സമിതിയംഗം ജി. ആരോമല്‍, വര്‍ക്കിങ് കമ്മിറ്റി അംഗം അതുല്‍ കൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കേരളത്തിലെ കോളേജ് ക്യാമ്പസുകളില്‍ എബിവിപിയുടെ ആശയങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയില്‍ വിറളിപിടിച്ചാണ് എസ്എഫ്‌ഐ ഇത്തരത്തില്‍ അക്രമങ്ങള്‍ക്ക് മുതിരുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എബിവിപി സംസ്ഥാന സംഘടന സെക്രട്ടറി വരുണ്‍ പ്രസാദ് പറഞ്ഞു.
മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ എസ്എഫ്‌ഐയുടെ ഏകാധിപത്യമാണ് ക്യാമ്പസുകളില്‍ നടക്കുന്നത്. ക്യാമ്പസുകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നുണപ്രചാരണത്തിനെതിരെ എബിവിപി സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളവര്‍മ കോളേജിലും സെമിനാര്‍ നടത്തിയത്. സത്യം മനസ്സിലാക്കി തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമത്തിനെതിരായ സമരത്തില്‍നിന്നു പിന്മാറുന്നതിലും, സമരങ്ങള്‍ ഓരോന്നായി പരാജയപ്പെടുന്നതിലും രോഷാകുലരായ എസ്എഫ്‌ഐക്കാരാണ് എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും വരുണ്‍ പ്രസാദ് പറഞ്ഞു.
എബിവിപി മുന്‍ ദേശീയ സെക്രട്ടറി ശ്യാംരാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശരണ്യ, ദേശീയ നിര്‍വാഹക സമിതി അംഗം രവിശങ്കര്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം കെ. ഷിജില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
















