ന്യൂദല്‍ഹി: ലൈറ്റ് കോംബാക്റ്റ് ഇനത്തില്‍പ്പെട്ട എണ്‍പത്തിമൂന്ന് തേജസ് യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സും പ്രതിരോധ മന്ത്രാലയവും നാല്‍പ്പതിനായിരം കോടി രൂപയുടെ ധാരണയിലെത്തി. 2016ലെ ആദ്യ കരാറില്‍ നിന്ന് പതിനായിരം കോടി രൂപ കുറവിലാണ് അന്തിമ കരാറിലെത്തിയത്. പ്രതിരോധമന്ത്രാലയത്തിനു പുറമേ വ്യോമസേനയും എച്ച്എഎല്ലുമായുള്ള ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു.
എണ്‍പത്തിമൂന്ന് തേജസ് മാര്‍ക്-ഒന്ന് എ വിമാനങ്ങള്‍ വ്യോമസേനയ്ക്കായി നിര്‍മിക്കുന്നതിന് എച്ച്എഎല്ലുമായി 50,025 കോടി രൂപയുടെ കരാറിനാണ് ധാരണയായിരുന്നത്. എന്നാല്‍, പിന്നീടുള്ള ചര്‍ച്ചകളില്‍ തുക കുറയ്ക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. തദ്ദേശീയമായുള്ള ഏറ്റവും വലിയ പ്രതിരോധ കരാറായി ഇതു മാറുകയാണ്. തേജസ്സിന്റെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് 2017ല്‍ അന്നത്തെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നേതൃത്വത്തിലാണ് തുടര്‍ ചര്‍ച്ചകള്‍ നടത്തിയത്.
















