തിരുവനന്തപുരം: പൗരത്വ ബില്‍ സംബന്ധിച്ച് മതന്യൂനപക്ഷങ്ങളെ ഭയപ്പാടിലാഴ്‌ത്തി അക്രമം ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രസംഗം. ഇന്ത്യ-പാക് വിഭജനകാലത്തെ അവസ്ഥയും കലാപവും ഉണ്ടാകുമോ എന്ന് ഭയക്കേണ്ടിവരുന്നു, ഇവരുടെ ദുഷ്ടലാക്ക് വിജയിക്കാന്‍ അനുവദിച്ചാല്‍ സിനിമയുടെ ഗുരുവായ ദിലീപ്കുമാറിന് പോലും രാജ്യത്ത് നില്‍ക്കാനാകില്ലെന്നും പൗരത്വം വലിയ പ്രതിസന്ധിയാണെന്നുമൊക്കെയാണ് പിണറായി വിജയന്‍ പ്രസംഗിച്ചത്.
കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ കേരള സര്‍വകലാശാലയുടെ രണ്ടാമത് ഒഎന്‍വി പുരസ്‌കാരം ടി. പദ്മനാഭന് സമ്മാനിക്കവെയാണ് ഭീകരത പടര്‍ത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം. പൗരത്വ പുനര്‍നിര്‍ണയം വിഭജനകാലത്തേതിന് സമാനമായ പലായനങ്ങളും കലാപങ്ങളും ഉണ്ടാക്കുമോ എന്ന ഉത്കണ്ഠയാണ് ഇന്ത്യയിലാകെയുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി. കൂട്ടപാലായനം പോലുള്ള ഉത്കണ്ഠകള്‍ വര്‍ധിക്കുന്നു.
വിഭജനകാലത്തെ നിഷ്ഠുര മഹാപാതകങ്ങളെക്കുറിച്ച് അക്കാലത്ത് ഉയര്‍ന്ന തീജ്വാലകളെക്കുറിച്ചുള്ള നീറുന്ന അനുഭവങ്ങള്‍ പങ്കുവച്ചിട്ടുള്ള കൃതികള്‍ വായിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു. അത്തരം അനുഭവിപ്പിക്കുന്ന സാഹിത്യകൃതികള്‍ ഉണ്ടാകണം. വിഭജനകാലത്തെ വിഷമതകള്‍ അനുഭവങ്ങളായി പകര്‍ന്നുവച്ച് ഭീഷ്മ സാഹ്‌നിയെപ്പോലുള്ളവരുടെ കൃതികള്‍ വായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വബില്ലിനെക്കുറിച്ചുള്ള ഇത്രയും രൂക്ഷ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളില്‍ നിന്ന് നിശബ്ദതമാത്രമായിരുന്നു പ്രതികരണം.
















