കൊച്ചി: രാജ്യത്തെ തൊഴില്‍ മേഖലയുടെ പുരോഗതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രവര്‍ത്തനം അനിവാര്യമെന്ന് കേന്ദ്ര തൊഴിലും എംപ്ലോയ്മെന്റും വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍. കൊച്ചിയില്‍ സൗത്ത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ദേശീയ പെന്ഷന് പദ്ധതി വഴി പെന്ഷന് ഉറപ്പാക്കുന്ന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ അസംഘടിത മേഖലയിലെ 40 കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് ദേശീയ പെന്ഷന് പദ്ധതി വഴി പെന്ഷന് ലഭ്യമാക്കാന്‍ കഴിയും. ഇഎസ്ഐ പദ്ധതി വഴി രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പുവരുത്തണം. ഇഎസ്ഐ ആശുപത്രികളിലും മികച്ച ഗുണനിലവാരമുള്ള കിടത്തി ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലയെ സംരക്ഷിച്ചും സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചും കേരളത്തില്‍ സംരംഭക-തൊഴിലാളി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആമുഖ പ്രഭാഷണത്തില്‍ സംസ്ഥാന തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു.
തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി സി.എച്ച്. മല്ലറെഡ്ഡി, പുതുച്ചേരി തൊഴില്‍ വകുപ്പ് മന്ത്രി എം. കന്തസാമി, കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറി എച്ച്.എല്‍. സമാരിയ തുടങ്ങിയവരും പങ്കെടുത്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ലേബര്‍ കമ്മീഷണര്‍മാര്‍, വിവിധ സംസ്ഥാനങ്ങളിലെ തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ പ്രതിനിധികള്‍, കേന്ദ്ര തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















