കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് നിരവധി മേഖലകളില്‍ സൗജന്യ സേവനം നല്‍കുന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുസേവന കേന്ദ്രങ്ങളെ (കോമണ്‍ സര്‍വീസ് സെന്റര്‍-സിഎസ്‌സി) തഴയാന്‍ നീക്കം. സംസ്ഥാന സര്‍ക്കാരുകളുടെ പല പദ്ധതികളും സിഎസ്‌സി വഴിയാണ് നടപ്പാക്കുന്നതെങ്കിലും കേരള സര്‍ക്കാര്‍ സിഎസ്‌സികളെ മനഃപൂര്‍വം ഒഴിവാക്കുകയാണെന്നാണ് പരാതി.
സാമൂഹ്യക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട മസ്റ്ററിങ്ങില്‍ നിന്ന് പൊതുസേവന കേന്ദ്രങ്ങളെ ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറക്കി. പിഎം കിസാന്‍ സമ്മാന്‍ നിധി, അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പിഎംഎസ്‌വൈഎം, നാഷണല്‍ പെന്‍ഷന്‍ സ്‌കീം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നത്. കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പ്രചരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
















