ബെംഗളൂരു: ബെംഗളൂരുവില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്റീനുകളുടെ പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. ‘മഹര്‍ഷി വാത്മീകി അന്നകുടീര’ എന്ന പേരാണ് പരിഗണനയിലുള്ളതെന്ന് റവന്യു മന്ത്രി ആര്. അശോക പറഞ്ഞു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരംഭിച്ച കാന്റീന് ബിജെപി അധികാരത്തിലെത്തിയതോടെ അടച്ചുപൂട്ടുമെന്ന് കോണ്‍ഗ്രസ് വ്യാജ പ്രചാരണം നടത്തിയിരുന്നു.
എന്നാല്‍, കാന്റീനുകള്‍ അടച്ചുപൂട്ടില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. കാന്റീനുകളുടെ പ്രവര്‍ത്തനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കാന്റീന് നടത്തിപ്പിലെ കരാറും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലുമാണ് പരാതികള്‍. സര്‍ക്കാര്‍ സബ്സിഡി തട്ടിയെടുക്കാന്‍ കാന്റീന് നടത്തിപ്പ് കരാറുകാര്‍ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയത് നേരത്തെ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു.
പ്രഭാത ഭക്ഷണം അഞ്ച് രൂപയ്ക്കും ഉച്ചഭക്ഷണവും അത്താഴവും 10 രൂപയ്ക്കുമാണ് ഇന്ദിര കാന്റീന് വഴി വിതരണം ചെയ്യുന്നത്. പ്രഭാത ഭക്ഷണത്തിന് 25 രൂപയും ഉച്ചയ്ക്കും അത്താഴത്തിനുമുള്ള ഭക്ഷണത്തിന് 40 രൂപയുമാണ് സര്‍ക്കാര്‍ സബ്സിഡി തുകയായി കരാറുകാര്‍ക്ക് നല്‍കുന്നത്. ഒരു ദിവസം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിന്റെ രണ്ടും മൂന്നും ഇരട്ടിയായിരുന്നു കരാറുകാര്‍ സര്‍ക്കാരിനു നല്കിയ കണക്ക്. ഇതിലൂടെ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നിരുന്നു. ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമികളാണ് കരാറുകാരെന്നും ആരോപണമുയര്‍ന്നിരുന്നു.
ആദ്യം മുതല്‍ തന്നെ നടത്തിപ്പിലെ വ്യവസ്ഥകളിലുള്ള ആശങ്ക ബിജെപി മുന്നോട്ടുവച്ചിരുന്നു. നിയമസഭയിലും ബിബിഎംപിയിലും ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ബിജെപി ഉന്നയിച്ചിരുന്നു. ഇതോടൊപ്പം പേരിന്റെ കാര്യത്തിലും ബിജെപി എതിര്‍പ്പ് അറിയിച്ചിരുന്നു. നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന സംരംഭം മെച്ചപ്പെട്ട നിലവാരത്തില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
















