ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യര്‍ത്ഥി പ്രക്ഷോഭം നടക്കുന്ന മദ്രാസ് സര്‍വ്വകലാശാലയിലെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. പ്രക്ഷോഭം രൂക്ഷമാകാതിരിക്കാനാണ് തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികളെ മാത്രമേ സര്‍വ്വകലാശാലയ്‌ക്കുള്ളിലേക്ക് പ്രവേശിപ്പിക്കുവെന്ന പോലീസ് നിലപാടിനെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചു.
താന്‍ സ്വയം ഒരു വിദ്യാര്‍ഥിയായാണ് കണക്കാക്കുന്നതെന്നും മരണം വരെയും അങ്ങനെയായിരിക്കുമെന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്. എന്നാല്‍ പോലീസ് അതൊന്നും ചെവിക്കൊണ്ടില്ല.
പാര്‍ട്ടി രൂപീകരിച്ചത് കൊണ്ട് തന്നെ ഇവിടെ ഉണ്ടാകേണ്ടത് തന്റെ കടമയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ താനും ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മദ്രാസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായെത്തിയ ആദ്യ നേതാവാണ് കമല്‍ ഹാസന്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് മദ്രാസ് സര്‍വ്വകലാശാലയ്‌ക്ക് ഡിസംബര്‍ 23 വരെ അവധി പ്രഖ്യാപിച്ചത്.
















