ബലൂചിസ്ഥാന്‍: ബാലൂചിസ്ഥാനില്‍ നിന്ന് പാക് സൈന്യം സ്ത്രീകളേയും കുട്ടികളേയും തട്ടിക്കൊണ്ടുപോകുന്നതായി ബലൂചിസ്ഥാന്‍ സ്വതന്ത്ര അനുകൂല നേതാവ് അല്ലാഹ് നാസര്‍. ലോകരാഷ്ട്രങ്ങളോട് തങ്ങളുടെ സ്ത്രീകളേയും കുട്ടികളേയും രക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അല്ലാഹ് നാസര്‍ പറഞ്ഞു. ആയിരകണക്കിന് ബലൂചികളെയാണ് ഇതുവരെ കാണാതായത്. പാക്കിസ്ഥാനില്‍ നിന്ന് സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നവരാണ് ബലൂചിസ്ഥാന്‍ ജനത. തട്ടിക്കൊണ്ട് പോകപ്പെട്ടവരുടെ പലരുടേയും മൃതദേഹം പോലും കിട്ടാറില്ല. ചിലര്‍ തടവില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. യുദ്ധ നിയമം പാലിക്കാന്‍ ലോക രാജ്യങ്ങള്‍ പാകിസ്താനോട് നിര്‍ദ്ദേശിക്കണമെന്നും നാസര്‍ ആവശ്യപ്പെട്ടു.
പാകിസ്ഥാന് ഒരു പ്രകൃതി വിരുദ്ധ രാജ്യമാണെന്നും പാക് ക്രൂരതയ്ക്കെതിരെ ബലൂച് ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്നും നാസര്‍ വ്യക്തമാക്കി. ബലൂചിനെ തകര്‍ക്കാനാണ് പാകിസ്താന് ശ്രമിക്കുന്നത്. ഏതു സാഹചര്യത്തിലും സ്ത്രീകളേയും കുട്ടികളേയും,നിരായുധരേയും സംരക്ഷിക്കുന്ന നിയമമാണ് ലോകത്തിലാകമാനം നിലനില്‍ക്കുന്നത്. എന്നാല്‍ ബലൂചില്‍ മാത്രം ഇത് നേരെ മറിച്ചാണ്. ബലൂചിലെ കുട്ടികള്‍ക്കു വിദ്യഭ്യാസമൊന്നും ലഭിക്കുന്നില്ല- നാസര്‍ പറയുന്നു. നേരത്തേ പാക് പട്ടാളത്തിന്റെ ക്രൂരതയ്ക്കെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുന്നില്‍ ടെന്റ് കെട്ടി ബാനറുകള്‍ സ്ഥാപിച്ച് ബലൂച് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതായും പാക് പട്ടാളം ദിവസവും നിരവധിപേരെ കൊന്നൊടുക്കുകയാണെന്നും ബലൂച് ആക്ടിവിസ്റ്റുകള്‍ ആരോപണമുയര്‍ത്തിയിരുന്നു.
















