ന്യൂദല്‍ഹി: കുറഞ്ഞ വിലക്ക് യാത്രക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ‘മേഘദൂത്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വായുവില്‍ നിന്നും കുടിവെള്ളം നിര്‍മിച്ച് നല്‍കാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വെയിലാണ് ഇതു നടപ്പാക്കുക. ഇതിന്റെ ഭാഗമായി സെക്കന്ദരാബാദ് റെയില്‍വെ സ്റ്റേഷനില്‍ അറ്റ്മോസ്ഫിയറിക് വാട്ടര്‍ ജനറേറ്റര്‍ സ്ഥാപിച്ചു.
പുതിയ പദ്ധതിയെ സംബന്ധിച്ചുള്ള വീഡിയോ കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. മൈത്രി അക്വാടെക് ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. കിയോസ്ക് വഴി പ്രതിദിനം 1000 ലിറ്റര്‍ വെള്ളം ഇതുവഴി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇങ്ങനെ ലഭിക്കുന്ന വെള്ളത്തിന് ലിറ്ററിന് അഞ്ചുരൂപയാണ് ഈടാക്കുക. അതേസമയം കുപ്പിയില്‍നിറച്ച ഒരു ലിറ്റര്‍ കുടിവെള്ളത്തിന് എട്ട് രൂപയാണ് നല്‍കേണ്ടത്. 300 മില്ലീലിറ്റര്‍ വെള്ളം ഗ്ലാസോടുകൂടി മൂന്നു രൂപയ്ക്കും പാത്രം കയ്യിലുണ്ടെങ്കില്‍ രണ്ടുരൂപയ്ക്കുമാകും ലഭ്യമാക്കുക. അരലിറ്ററിന് മൂന്നുരൂപയും കുപ്പിയോട് കൂടിയാണെങ്ങില് അഞ്ചുരൂപയ്ക്കും ലഭിക്കും. ഇത്തരത്തില്‍ രണ്ടു രൂപ മുതല്‍ എട്ടു രൂപ വരെയുള്ള നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്.
അറ്റ്മോസ്ഫിയറിക് വാട്ടര്‍ ജനറേറ്ററുകള്‍ അന്തരീക്ഷത്തില്‍ നിന്ന് എയര്‍ ഫില്‍റ്റര്‍ വഴി ജലം വലിച്ചെടുക്കുകയും വായുവില്‍ നിന്ന് ലഭിക്കുന്ന ജലകണങ്ങളെ ശുദ്ധീകരിച്ച് കുടിക്കാന്‍ യോഗ്യമാക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റേയും, ലോകാരോഗ്യ സംഘടനയുടേയും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
















