ന്യൂദല്‍ഹി: രാജ്യത്തെ നാണക്കേടിലാഴ്‌ത്തിയ നിര്‍ഭയ കൂട്ടബലാത്സം കേസില്‍ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. അക്ഷയ് സിംഗ് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളിയ സുപ്രീം കോടതി, പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തി.
ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണു വിധി പറഞ്ഞത്. 2017-ലെ വിധിയില്‍ തെറ്റില്ലെന്നു കോടതി പറഞ്ഞു. തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. അക്ഷയ് സിങ്ങിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു.
രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. പറയാനുള്ളതെല്ലാം അരമണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്.
മാധ്യമങ്ങളുടേതടക്കം സമ്മര്‍ദ്ദമുള്ളതിനാല്‍ നീതി നിഷേധിക്കരുതെന്ന് പ്രതിയുടെ അഭിഭാഷകന്‍ എ.പി. സിംഗ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ നീതി പൂര്‍വമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. പ്രതികള്‍ക്ക് അനുകൂലമായ മൊഴി നല്‍കാനിരുന്ന ആളെ കള്ള കേസില്‍ കുടുക്കി അകത്താക്കി. അന്വേഷണ സംഘത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എ.പി. സിംഗ് വാദിച്ചു. ദല്‍ഹി സര്‍ക്കാര്‍ ഈ കേസില്‍ വധശിക്ഷക്കായി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ നിലപാടിന് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദമുണ്ടെന്നും പുനപരിശോധന ഹര്‍ജിയില്‍ പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു.
പുനപരിശോധന ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍. ബാനുമതി, എ.എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ പിന്മാറിയിരുന്നു. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്‌ഡേ ഹാജരായിരുന്നു.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്‌ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രയാപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍.
കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവര്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മൂന്നു പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.
















