ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഇടതുപക്ഷ കണ്‍സോര്‍ഷ്യമായ പീപ്പിള്‍സ് ഫോറവും മുസ്ലിം സംഘടനകളും കലാബുര്‍ഗിയില്‍ വ്യാഴാഴ്ച ആഹ്വാനം ചെയ്ത ബന്ദ് അനുവദിക്കാനാകില്ലെന്ന് പോലീസ്. വിവിധ വകുപ്പുകളുടെ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ നടക്കുന്നതിനാലും നഗരത്തിലെ ക്രമസമാധാനവും സാമുദായിക ഐക്യവും നിലനിര്‍ത്തുന്നതിനായ നാളെ ബന്ദിന് അനുവദിക്കില്ലെന്ന് കലാബുര്‍ഗി പോലീസ് കമ്മീഷണര്‍ പറഞ്ഞു.സി.പി.ഐ നേതാവ് മാരുതി മന്‍പഡെ, മുതിര്‍ന്ന ദലിത് നേതാവ് വിറ്റല്‍ ദദ്ദാമണി, ജനതാദള്‍ (എസ്) നേതാവ് നസീര്‍ ഹുസൈന് ഉസ്താദ്, ജാമിയത്ത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഹ്ലെ ഹദീസ് ബാബാ നസര്‍ മുഹമ്മദ് ഖാന് എന്നിവര്‍ സമ്യുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഫോറം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണേഴ്സ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ജഗത് സര്‍ക്കിളില്‍ നിന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഏരിയയിലേക്ക് ഘോഷയാത്ര നടത്താനായിരുന്നു തീരുമാനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെയാണ് ഇത്തരം കടുത്ത നിര്‍ദേശങ്ങളുമായി പോലീസ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന ഹര്‍ത്താലിലും വ്യാപകമായി ആക്രമണങ്ങള്‍ നടന്നിരുന്നു.
















