ന്യൂദല്‍ഹി : ഇന്ത്യയിലെ മുസ്ലിങ്ങളുമായി പൗരത്വ നിയമത്തിന് യാതൊരു ബന്ധവുമില്ലെന്ന് ദല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം സെയ്ദ് അഹമ്മദ് ബുഖാരി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇമാം തന്നെ ഇതിനെതിരെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ സമാധാനപരമായാണ് ഇത് നടത്തേണ്ടത്. ആളുകള്‍ ദേശീയ പൗരത്വ രജിസ്ട്രേഷനേയും പൗരത്വ നിയമത്തേയും ജനങ്ങള്‍ ഒന്നാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ദേശീയ പൗരത്വ രജിസ്ട്രേഷന് പ്രഖ്യാപനം മാത്രമാണ്. നിയമമായിട്ടില്ല. രണ്ടാമത്തേതാണ് നിയമം. ഇതില്‍ ഇന്ത്യയിലെ മുസ്ലിം സമുദായത്തെ കുറിച്ച് പ്രതിപാദിക്കുന്നില്ല.
പകരം പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികളെയാണ് നിയമം ബാധിക്കുകയെന്നും ബുഖാരി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടാണ് ഇതിന് മുതിര്‍ന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കുന്നു. കൂടാതെ പുതിയ നിയമം പൗരന്മാരുടെ അവകാശങ്ങളെ ബാധിക്കുമോയെന്നും അവരില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നും പൗരത്വം നിയമത്തില്‍ ഉള്‍പ്പെടുന്നില്ല.
പ്രതിഷേധിക്കുന്നവരെ തടയാന്‍ സാധിക്കില്ല. അതുപോലെ തന്നെ നിയന്ത്രണവിധേയമായി ഈ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുമുണ്ട്. വികാരങ്ങളെ നിയന്ത്രിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും ബുഖാരി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ല. പാക്കിസ്ഥാന്, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തിയവരെ കുറിച്ച് മാത്രമാണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളതെന്നും ബുഖാരി കൂട്ടിച്ചേര്‍ത്തു.
രാജ്യവ്യാപകമായി പൗരത്വനിയമഭേദഗതിക്കതെിരേ പ്രക്ഷോഭം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ബുഖാരി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. അസം, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
















