ന്യൂദല്‍ഹി : വധശിക്ഷയ്‌ക്കെതിരെ അക്ഷയ് സിങ് ഠാക്കൂര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി ഒരു മണിക്ക് വിധി പ്രസ്താവിക്കും. കേസ് പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അരമണിക്കൂര്‍ കൊണ്ട് കേസില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതിയുടെ അഭിഭാഷകന്‍ എ.പി. സിങ്ങിന്റെ വിശദമായ വാദം കേട്ടശേഷം ഇന്ന് ഒരുമണിക്കി വിധി പ്രസ്താവന നടത്താമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസില്‍ നീതി പൂര്‍വമായ വിചാരണ നടന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പ്രതികള്‍ക്ക് അനുകൂലമായ മൊഴി നല്‍കാനിരുന്ന ആളെ കള്ള കേസില്‍ കുടുക്കി അകത്താക്കി. അന്വേഷണ സംഘത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എ.പി. സിങ് കോടതിയില്‍ അവകാശവാദം ഉന്നയിച്ചു.
ഈ കേസില്‍ പ്രതികളുടെ വധശിക്ഷക്കായി സര്‍ക്കാര്‍ മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. രാഷ്‌ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്‍. കേസില്‍ മാധ്യമങ്ങളുടേതുള്‍പ്പടെ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്.
പുനഃപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ പിന്മാറിയിരുന്നു. നേരത്തെ കേസില്‍ തന്റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. നിര്‍ഭയയുടെ കുടുംബത്തിനുവേണ്ടിയാണ് അര്‍ജുന്‍ ബോബ്‌ഡേ ഹാജരായത്.
















