മുംബൈ: മഹാരാഷ്‌ട്ര മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും മുതിര്‍ന്ന നേതാക്കളെ ഒതുക്കാന്‍ ശിവസേന നീക്കം. മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴിമാറണമെന്നാവശ്യപ്പെട്ട് ശിവസേന മുഖപത്രം സാമ്‌ന മുഖപ്രസംഗമെഴുതിയത് ഇതു ലക്ഷ്യമിട്ട്. അതേസമയം, ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെയും മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററായ പത്രം ഒളിയമ്പെയ്യുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ അശോക് ചവാനും പൃഥ്വിരാജ് ചവാനും എന്‍സിപി നേതാവ് അജിത് പവാറുമാണ് മന്ത്രിക്കസേരയില്‍ നോട്ടമിട്ട പ്രമുഖര്‍. ഇവരെ മന്ത്രിസഭയില്‍ കൊണ്ടുവരുന്നതിനോട് സേനയ്‌ക്ക് താത്പര്യമില്ല. ഭരണപരിചയവും രാഷ്‌ട്രീയ തന്ത്രജ്ഞതയും ഏറെയുള്ള ഇവര്‍ മന്ത്രിസഭയിലെത്തിയാല്‍ ഇതില്‍ രണ്ടിലും പിന്നിലുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് വെല്ലുവിളിയാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
മുന്‍മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബാല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹബ് തൊറാട്ട്, നിതിന്‍ റാവത്ത് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ തന്നെ മന്ത്രിസഭയുടെ ഭാഗമാണ്. ഇനി മറ്റ് നേതാക്കള്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ കൈവിടുമെന്നാണ് ശിവസേനയുടെ ഭയം. ഭരണത്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈയിലെടുക്കാനാകില്ലെന്നതും അവരെ അലട്ടുന്നു.
ഉദ്ധവ് ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാത്തത് അതിശയമെന്നും സാമ്‌ന മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തരം കൈകാര്യം ചെയ്ത കാര്യവും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു. മുതിര്‍ന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്.
അതിനിടെ, മന്ത്രിസഭാ വികസനം നീളുന്നത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് കാരണമായെന്ന ആരോപണവും ശക്തം. പാര്‍ട്ടികള്‍ക്ക് വീതം വച്ച വകുപ്പുകളെല്ലാം ഇപ്പോഴുള്ള മന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ ഏഴ് മന്ത്രിമാരാണ് മന്ത്രിസഭയില്‍. നിയമസഭയുടെ ശൈത്യകാല സമ്മേളനം 21ന് അവസാനിക്കുന്നതോടെ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് ഉദ്ധവ് പറയുന്നത്.
















