ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യത്തിന്റെ തിരിച്ചടിയില്‍ പാക്കിസ്ഥാന്റെ രണ്ട് സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. പൂഞ്ച് മേഖലയില്‍ തുടര്‍ച്ചയായ വെടിവയ്‌പ്പു നടത്തി ഭീകരരെ കടത്തിവിടാനുള്ള ശ്രമമാണ് പാക് സൈന്യം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ വെടിവയ്‌പ്പില്‍ ഇന്ത്യയുടെ സൈനികന്‍ സുഖ് വിന്ദര്‍ സിങ് വീരമൃത്യു വരിച്ചിരുന്നു.
പാക് സൈന്യവും അവരുടെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പും സംയുക്തമായാണ് ഇന്ത്യന്‍ പോസ്റ്റുകളുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. റോക്കറ്റ് ലോഞ്ചറുകളും ടാങ്ക്‌വേധ മിസൈലുകളും സൈന്യം ഉപയോഗിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തിരിച്ചടിയിലാണ് രണ്ട് പാക് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടത്.
















