ആലപ്പുഴ: പെന്‍ഷന്‍ മസ്റ്ററിങ് പൂര്‍ത്തിയാകുമ്പോള്‍ നാലു ലക്ഷത്തിലേറെ അനര്‍ഹര്‍ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നതായി വ്യക്തമാകുമെന്ന് മന്ത്രി തോമസ് ഐസക്ക്. സാമൂഹ്യസുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും കൂടി ആകെ ഗുണഭോക്താക്കള്‍ 57,63,984 പേരാണ്. ഇതില്‍ 51,53,420 പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി (കിടപ്പുരോഗികളെ കൂടി കണക്കിലെടുത്ത്). 89.40 ശതമാനം വരുമിത്.
മസ്റ്ററിങ്ങിലേക്ക് വരാത്തവരുടെ ആകെ എണ്ണം 6,10,564. ഇതില്‍ രണ്ട് ലക്ഷം പേര്‍ കൂടി ഇനിയും വരുമെന്ന് അനുമാനിച്ചാലും അനര്‍ഹരായ 4,10,564 പേര്‍ പെന്‍ഷന്‍ കൈപ്പറ്റിയെന്നു വേണം കരുതേണ്ടത്. പ്രതിവര്‍ഷം ഏതാണ്ട് 600 കോടി രൂപയാണ് ഇവിടെയുണ്ടാകുന്ന വ്യത്യാസം.
47,20,003 പേരാണ് അഞ്ച് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളായി ലിസ്റ്റില്‍ ഉണ്ടായിരുന്നത്. നേരത്തെ അക്കൗണ്ടന്റ് ജനറല്‍ തന്നെ 15 ശതമാനം പേര്‍ വരെ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്ന് നിരീക്ഷിച്ചിരുന്നു.
ഒരു പഞ്ചായത്തില്‍ ധനവകുപ്പ് നടത്തിയ പരിശോധന ഇത് ഏതാണ്ട് ഉറപ്പിച്ചു. മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുമ്പോള്‍ 47,20,003 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 41,26,813 പേര്‍ വിജയകരമായി പൂര്‍ത്തിയാക്കി.
2,89,175 പേരാണ് കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍. ഇതില്‍ 1,91,906 പേരുടെ മസ്റ്ററിങ് പൂര്‍ത്തിയായി. ബാക്കിയുള്ളവര്‍ പഞ്ചായത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അവരെക്കൂടി സാധൂവായ പെന്‍ഷന്‍കാരായി കണക്കാക്കും. കിടപ്പുരോഗികളായ മുഴുവന്‍ പേരെയും അര്‍ഹരായ പെന്‍ഷന്‍കാരായി കണക്കാക്കിക്കഴിഞ്ഞാല്‍ 3,04,015 പേരാണ് മസ്റ്ററിങിലേക്ക് വരാത്തത്.
ക്ഷേമനിധി പെന്‍ഷന്‍കാരുടെ മസ്റ്ററിങ്ങിന്റെ സ്ഥിതിയും ഇതു തന്നെയാണ്. 28 ക്ഷേമനിധികളിലായി 10,43,981 പേരാണ് ആകെ പെന്‍ഷന്‍കാര്‍. ഇതില്‍ 7,37,432 പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി.
3,06,549 പേരാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്. അര്‍ഹരായി അവശേഷിക്കുന്നവര്‍ക്ക് മസ്റ്ററിങ്ങിനുള്ള സൗകര്യം ഈ മാസം 23നു ശേഷം നല്‍കും.
















