ന്യൂദല്‍ഹി: കശുവണ്ടി വ്യവസായ പുനരുജ്ജീവനത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നിതിന്‍ ഗഡ്കരി. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുമായി ചെയ്യേണ്ട കാര്യങ്ങളിലും ഇടപെടുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ തന്നെ സന്ദര്‍ശിച്ച എഴുകോണ്‍കശുവണ്ടി പ്രോസസ്സേഴ്സ് ആന്റ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധി സംഘത്തിനാണ് മന്ത്രി ഉറപ്പു നല്‍കിയത്. കേരളത്തിലെ കശുവണ്ടി സംസ്‌കരണ വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കുമ്മനം വിശദീകരിച്ചു.
കശുവണ്ടി വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുമ്മനം രാജശേഖരന്‍ ഊന്നിപ്പറഞ്ഞു. പുനരുജ്ജീവന പദ്ധതി പഠിച്ച ശേഷം മന്ത്രാലയത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പ് നല്‍കി.
അസോസിയേഷന്‍ പ്രസിഡന്റ് കെ. ശശിധരന്‍ പിള്ള, സെക്രട്ടറി ബി. ജയപ്രകാശ്, രക്ഷാധികാരി ആര്‍.എസ്. നായര്‍ എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
















