ഗുവാഹട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍ ക്രമസമാധാന നില വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ന് രാവിലെ ആറ് മുതല്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഇതേതുടര്‍ന്ന് നഗരത്തിലെ കടകളും, സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ക്ക് അറുതിവന്നത്തോടെ സംസ്ഥാനത്തെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പുനസ്ഥാപിക്കുമെന്നും അസം സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില കൂടതല്‍ മെച്ചപ്പെട്ടതായി അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹാന്‍ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ പ്രതിഷേധക്കാരായ 190 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായ അക്രമ പരമ്പര പ്രത്യേക സംഘം അന്വേഷിക്കുമെന്നും മഹാന്‍ത പറഞ്ഞു.
















