ന്യൂദല്‍ഹി: നിയമസഭയെ മാനിക്കാത്ത എംപിമാര്‍ക്കെതിരെ നടപടി വേണമെന്നും ലോക്‌സഭയിലെ പോലെ രാജ്യസഭയിലും അംഗങ്ങളെ വര്‍ധിപ്പിക്കണമെന്നും മുന്‍ രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി. ദല്‍ഹിയില്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് വാജ്പേയി സ്മാരക പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
1971ലെ സെന്‍സസ് പ്രകാരം 1977-ലാണ് ഏറ്റവും ഒടുവില്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. 55 കോടിയായിരുന്നു അന്നത്തെ ജനസംഖ്യ. അന്നത്തെ ജനസംഖ്യയുടെ ഇരട്ടിയോളമാണ് നിലവില്‍ ഉള്ളത്. അതുകൊണ്ടു തന്നെ ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതാണെന്ന് പ്രണാബ് മുഖര്‍ജി വ്യക്തമാക്കി.
ഒരു ലോക്‌സഭാംഗം 16 ലക്ഷം മുതല്‍ 18 ലക്ഷം വരെ ആളുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു പ്രതിനിധിക്ക് ഇത്രയും ജനങ്ങളുമായി എങ്ങനെ ബന്ധം പുലര്‍ത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. ഒരു പുനര്‍ചിന്ത ആവശ്യമാണെന്നും പ്രണാബ് മുഖര്‍ജി സൂചിപ്പിച്ചു. ലോക്സഭാംഗങ്ങളുടെ എണ്ണം ആയിരമായി ഉയര്‍ത്തിയാല്‍ സെന്‍ട്രല്‍ ഹാള്‍ ലോവര്‍ ഹൗസാക്കി മാറ്റാനും, രാജ്യസഭയെ ലോകസഭയിലേക്ക് മാറ്റാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ലമെന്റിലെ വനിതകളുടെ അഭാവം ഒരു വലിയ പോരായ്‌മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരേയും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിച്ച നേതാവാണ് വാജ്പേയിയെന്നും തന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പ്രണാബ് പറഞ്ഞു.
















