ന്യൂദല്‍ഹി:പൗരത്വ ബില്ലിനെതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സമരം പുറത്തു നിന്നുള്ളവര്‍ ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 10 പേര്‍ അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും വിദ്യാര്‍ത്ഥികളല്ല. സര്‍വ്വകലാശാലയ്‌ക്ക് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു.
പിടിയിലായവരുടെ രാഷ്‌ട്രീയ ബന്ധവും സംശയാസ്പദമാണ്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളെ മുന്‍ നിര്‍ത്തി കലാപം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു നടന്നതെന്നാണ് സംശയം. വലിയ തോതില്‍ പോലീസിനെ അക്രമിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് നിഗമനം. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
അരങ്ങേറിയ അക്രമസംഭവങ്ങളില്‍ ജാമിയ മിലിയയിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ജാമിയ മിലിയ കോളേജിനടുത്തും ന്യൂ ഫ്രണ്ട്‌സ് കോളനിയിയിലുമുള്ള പ്രദേശവാസികളാണ് അറസ്റ്റലായത്. ഇവരില്‍ മൂന്ന്‌പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കലാപത്തിനും ആള്‍ക്കൂട്ട അക്രമത്തിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, ‘ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (തെക്കുകിഴക്ക്) ചിന്‍മോയ് ബിസ്വാള്‍ പറഞ്ഞു.അതേസമയം കോളേജില്‍ യാതൊരു വിധിത്തിലുമുള്ള പ്രകോപനവും ഇല്ലാതെയാണ് സംഘര്‍ഷമുണ്ടായത്. പ്രശ്‌നങ്ങള്‍ കുറയ്‌ക്കാനാണ് പോലീസ് കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാത്തത്. പ്രകോപനമില്ലാതെ പോലീസിനുനേരെ തിരിഞ്ഞ് ഇവര്‍ ആക്രമണത്തിന് മുതിര്‍ന്നു. ഇക്കാര്യം പോലീസ് ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. വിദ്യാര്‍ത്ഥികളെ ആക്രമത്തിന് പ്രേരിപ്പിച്ചതിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ ഉള്ളതായും പോലീസിന് സംശയമുണ്ട്. അക്രമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞാണ് 10 പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ രാഷ്‌ട്രീയ പശ്ചാത്തലം ഉള്‍പ്പടെ നിരീക്ഷിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
















