ദേശീയ സ്കൂള്‍ അത്ലറ്റിക്സില് അങ്ങനെ കേരളം ഇത്തവണയും ഓവറോള്‍ കിരീടമണിഞ്ഞു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണീ പടിയേറ്റം. എന്നുവച്ചാലും, പോയ വര്‍ഷങ്ങളിലും കേരളം അത് അടിയറവ്ച്ചിരുന്നില്ല. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഓവറോള്‍ കിരീടം തിരിച്ചെത്തുന്നത്. പുനഃസ്ഥാപനം കേരളത്തിന്റ 20-ാം കിരീടധാരണത്തോടെയായി. 2015-2016-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലാണ് അവസാനം മൂന്നുവിഭാഗങ്ങളും ഒരുമിച്ച് നടത്തിയത്. അതിനുശേഷം മൂന്ന് വിഭാഗങ്ങളും വെവ്വേറെയായി നടത്തുന്ന പരീക്ഷണമാണു കണ്ടത്. ഇക്കുറി പഞ്ചാബ് മൂന്നു വിഭാഗത്തിനും ഒന്നിച്ച് മീറ്റ് നടത്താന്‍ തയ്യാറാവുകയായിരുന്നു. അതോടെയാണ് ഓവറോള്‍ കിരീടം തിരിച്ചു വന്നത്. ആദ്യം ഒന്നിച്ച് നടത്താമെന്ന് പറയുകയും പിന്നീട് ആണ്-പെണ് വിഭാഗങ്ങള്‍ വെവ്വേറെ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ വേര്‍തിരിവിനെതിരെ കേരളമുള്‍പ്പെടെയുള്ള ടീമുകള്‍ ശക്തമായി രംഗത്തെത്തിയതോടെയാണ് തീരുമാനം മാറ്റിയത്. പിന്നീട് സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ ഒരുമിച്ചും സീനിയര്‍ വിഭാഗം അതേ വേദിയില്‍ നാല് ദിവസത്തെ ഇടവേളയ്ക്കുശേഷവും അരങ്ങേറി.
വിജയങ്ങള്‍ക്ക്, പ്രത്യേകിച്ചു കിരീട വിജയത്തിന് മധുരമുണ്ടാകുമല്ലോ. വിജയികള്‍, പ്രത്യേകിച്ച് മൂന്നു തവണ പൊന്നണിഞ്ഞ ആന്‍സി സോജന്, അഭിനന്ദനം അര്‍ഹിക്കുന്നു. ഭാവിയിലേയ്ക്കുള്ള നിക്ഷേപങ്ങളാകട്ടെ ഈ ജേതാക്കള്‍. എന്നിരിക്കിലും കേരളത്തിന്റെ ഈ നേട്ടത്തില്‍ ചിരിയേക്കാളധികം ചിന്തയാണു വേണ്ടതെന്നു തോന്നുന്നു. ട്രിപ്പിള്‍ സ്വര്‍ണമണിഞ്ഞ ആന്‍സി സോജന് എന്ന മിടുക്കി കുട്ടിയുടെ ഏതാണ്ട് ഒറ്റയാള്‍ പോരാട്ടമായിരുന്നു. അതിനൊപ്പം മറ്റു ചിലരുടെ മിന്നലാട്ടങ്ങളുമാണു പഞ്ചാബില്‍ കണ്ടത്. ഏറെയൊന്നും പ്രഭ ചൊരിയാത്ത പ്രകടനത്തില്‍ ഇവ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായി അഭിമാനിക്കാനുള്ള വകയില്ല. ആന്‍സിയുടെ ട്രിപ്പിള്‍ സ്വര്‍ണത്തിന് പുറമെ ആണ്‍കുട്ടികളുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ എ. രോഹിത്, പെണ്‍കുട്ടികളുടെ ഇതേയിനത്തില്‍ ആര്. ആരതി, ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ തിരുവനന്തപുരം സായിയുടെ ആകാശ് എം. വര്‍ഗീസ്, പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ, ആണ്‍കുട്ടികളുടെ 4-400 റിലേ എന്നിവയിലെ സ്വര്‍ണനേട്ടമാണ് കേരളത്തിന് തുണയായത്.
സത്യത്തില്‍ മെഡല്‍ത്തിളക്കത്തേക്കാള്‍ കേരളത്തെ സഹായിച്ചതു പോയിന്റുകളാണ്. മെഡല്‍ നിലവാരത്തിനു പിന്നിലെത്തിയാലും കിട്ടുന്ന പോയിന്റുകള്‍ വിജയികളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 273 പോയിന്റ് നേടിയാണ് കേരളം മുന്നേറിയത്. 247 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തെത്തി. സബ്ജൂനിയര്, ജൂനിയര്‍ വിഭാഗങ്ങളില്‍ ഒന്നാമതായിരുന്ന ഹരിയാന 241 പോയന്റുമായി ഓവറോള്‍ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തായി. സീനിയര്‍ വിഭാഗത്തില്‍ 159 പോയിന്റാണ് കേരളം വാരിയത്. സീനിയര്‍ പെണ്‍കുട്ടികളില്‍ 101 പോയിന്റുള്ള മലയാളിപ്പട മുന്നിലെത്തി. സീനിയര്‍ ആണ്‍കുട്ടികളില്‍ മഹാരാഷ്ട്ര പിറകില്‍ 58 പോയിന്റാണ് കേരളത്തിലുള്ളത്. ആണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ ഷിര്‍സെ തേജസും പെണ്‍കുട്ടികളില്‍ കേരളത്തിന്റെ ആന്‍സി സോജനും മികച്ച താരങ്ങളായി. അവസാന രണ്ട് ദിവസങ്ങളിലെ മിന്നും പ്രകടനമാണ് കേരളത്തെ ഓവറോള്‍ കിരീടത്തിലേക്ക് നയിച്ചത്.
കുട്ടികളുടെ തിളക്കത്തിന്റെ പൊന്പ്രഭയില് നമുക്കു മയങ്ങാന്‍ സമയമില്ല. ന്യായീകരണങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമില്ലാത്ത മേഖലയാണു കായിക രംഗം. മരംകോച്ചുന്ന തണുപ്പിനോടും മഴയോടും വീശിയടിച്ച കാറ്റിനോടും പൊരുതിയാണ് കേരളത്തിന്റെ കിരീടനേട്ടം എന്ന് ഈ പ്രകടനത്തെ ന്യായീകരിക്കാം. പക്ഷേ, എന്തിന് കാലാവസ്ഥയെ കുറ്റം പറയണം എന്ന് ഒരു മറു ചോദ്യവുമാകാം. ഏതുകാലാവസ്ഥയിലും മല്‍സരിക്കാന്‍ കുട്ടികളെ തയ്യാറാക്കുന്നതിലല്ലേ കാര്യം. അതിനു ദീര്‍ഘവീക്ഷണം എന്നൊന്നു കൂടി വേണമെന്നു മാത്രം. ദേശീയ സ്കൂള്‍ മീറ്റ് ഡിസംബര്‍ മാസത്തിലാണ് നടക്കുക. മിക്കവാറും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കുകയും ചെയ്യും. അവിടങ്ങളിലെല്ലാം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കനത്ത തണുപ്പാണെന്ന് ആര്‍ക്കാണറിയാത്തത്. മൂന്നാറില്‍ നമുക്കും ഉണ്ടല്ലോ ഒരു ഹൈ ആള്‍ട്ടിറ്റിയൂഡ് കോച്ചിങ് സെന്റര്‍. അവിടെ നടത്തിക്കൂടെ പരിശീലന ക്യാംപ്. തണുപ്പിനെ വെല്ലുവിളിച്ചു പൊരുതാന്‍ കിട്ടുകളെ പഠിപ്പിക്കാമായിരുന്നില്ല? പക്ഷേ, ഇന്ന് ആ സ്റ്റേഡിയത്തിന്റെ അവസ്ഥയെന്തെന്ന്കൂടി ചിന്തിക്കണം. കന്നുകാലികള്‍ക്ക് മേഞ്ഞുനടക്കാനുള്ള ഒരു മൈതാനം മാത്രമാണ് അവിടം. ഉത്തരേന്ത്യയെപ്പോലെ കടുത്ത തണുപ്പുള്ള സ്ഥലമാണ് മൂന്നാറും. അതിനുപകരം പാലക്കാടും തിരുവനന്തപുരത്തും പരിശീലനം നടത്തിയതുകൊണ്ട് ഉത്തരേന്ത്യന്‍ കാലാവസ്ഥയുമായി കുട്ടിത്താരങ്ങള്‍ക്ക് പൊരുത്തപ്പെടാനാകുമോ? ട്രാക്കില്‍ മാത്രമല്ല ട്രാക്കിനു പുറത്തും നമ്മള് ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. സംഘാടന രംഗത്തും പരിശീലന രംഗത്തും ദീര്‍ഘ വീക്ഷണത്തിലും. ഇനിയെങ്കിലും ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ സിന്തിറ്റിക് ട്രാക്ക് നിര്‍മ്മിച്ച് താരങ്ങള്‍ക്ക് പരിശീലനം നല്കാന് അധികാരികള്‍ തയ്യാറായാല്‍ കാലാവസ്ഥയെയും മറ്റും കുറ്റം പറഞ്ഞ് കൈകഴുകേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: