ന്യൂദല്‍ഹി: 2019-2020 വര്‍ഷത്തെ പൊതുബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കൂടിക്കാഴ്ചകള്‍ തുടങ്ങി. വിവിധ മേഖലകളിലെ വിദഗ്ധരുമായി മന്ത്രി ചര്‍ച്ച നടത്തും. അവരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും ബജറ്റ് തയാറാക്കുക. കൂടിക്കാഴ്ചകള്‍ 23 വരെ തുടരുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.
ഇന്നലെ രാവിലെ സ്റ്റാര്‍ട്ടപ്പ്, ഫിന്‍ടെക്, ഡിജിറ്റല്‍ മേഖലകളിലുള്ളവരുമായും ഉച്ചയ്ക്കു ശേഷം സാമ്പത്തിക, മൂലധന നിക്ഷേപ മേഖലയിലുള്ളവരുമായാണ് ചര്‍ച്ച നടത്തിയത്. ധനസഹമന്ത്രി അനുരാഗ് താക്കൂറും ധനവകുപ്പ് സെക്രട്ടറി രാജീവ് കുമാറും ചര്‍ച്ചകളില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കര്‍ഷകര്‍, സാമ്പത്തിക വിദഗ്ധര്‍, വ്യവസായികള്‍ തുടങ്ങിയവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കും.
വിപണി ശക്തിപ്പെടുത്തുന്ന നടപടികളും വ്യക്തിഗത നികുതിദായകര്‍ക്ക് ഗുണകരമായ തീരുമാനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, ടെലികോം, വ്യോമയാനം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ആലോചനയിലെന്നും അവര്‍ പറഞ്ഞു.
വ്യവസായം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സാഹചര്യം, സ്വകാര്യ നിക്ഷേപത്തിനുള്ള പരിതസ്ഥിതി, കയറ്റുമതി മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്കാന് ധനമന്ത്രാലയം ആവശ്യപ്പെട്ടതായി വ്യവസായ മേഖലയിലെ സംഘടനകള്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപ വരുമാനമുള്ളവരെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യവസായ ലോകം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവില്‍ രണ്ടര ലക്ഷമാണ് പരിധി.
















