ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനു ശേഷം ആസാമില്‍ ഉടലെടുത്ത സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടത് പുലര്‍ച്ചെ രണ്ടു മണിക്ക്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ല എന്നതിന്റെ തെളിവാണ് ആഭ്യന്തര മന്ത്രി നേരിട്ട് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
പൗരത്വബില്‍ രാജ്യസഭ പാസാക്കിയ രാത്രി അമിത് ഷായുടെ ഓഫീസില്‍ വിളക്കണഞ്ഞിരുന്നില്ല. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള മള്‍ട്ടി ഏജന്‍സി സെന്ററിന്റെ അഡീഷണല്‍ ഡയറക്ടര്‍ തപന്‍ ദെക്കയേയും എന്‍ഐഎ ഐജി ജി.
പി. സിങ്ങിനേയും ഓഫീസിലേക്ക് അമിത് ഷാ വിളിപ്പിച്ചത് പുലര്‍ച്ചെ രണ്ടു മണിക്ക്. ഇവരെത്തുമ്പോള്‍ ആഭ്യന്തരമന്ത്രിക്കൊപ്പം ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും ഐബി ഡയറക്ടര്‍ അരവിന്ദ് കുമാറുമുണ്ട്. ആസാമില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ അമിത് ഷായ്‌ക്ക് കിട്ടിത്തുടങ്ങിയിരുന്നു.
പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ആസാം പോലീസിന്റെ നേതൃത്വം വീഴ്ച വരുത്തുന്നു എന്നായിരുന്നു അമിത് ഷായുടെ നിഗമനം. ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്റെ മുന്‍ നേതാവായിന്നു തപന്‍ ദെക്ക. ഭീകരവിരുദ്ധ നീക്കങ്ങളില്‍ കരുത്തു കാട്ടിയ ഓഫീസര്‍ കൂടിയാണ് അദ്ദേഹം. ക്രമസമാധാന പാലനത്തില്‍ മികച്ച റെക്കോഡുള്ള ജി.പി. സിങ്ങും ദെക്കയും ഡിസമ്പര്‍ പന്ത്രണ്ടിനു വെളുപ്പിന് നാലുമണിക്ക് പ്രത്യേക വിമാനത്തില്‍ ഗുവാഹത്തിയില്‍ വന്നിറങ്ങി.
ഈ നീക്കത്തിനു ഫലം കണ്ട വാര്‍ത്തകളാണ് പിന്നീടു വന്നത്. ആസാമിലെ സംഘര്‍ഷം നിയന്ത്രണ വിധേയമായി. തലപ്പത്ത് ചില അഴിച്ചു പണികള്‍ നടത്തിയതോടെ പോലീസിന്റെ നീക്കങ്ങള്‍ ചടുലമായി.
















