ന്യൂദല്‍ഹി: ബംഗ്ലാദേശിനെ വിമോചിപ്പിക്കാന്‍ പാക്കിസ്ഥാനെതിരെ നടത്തിയ 1971ലെ യുദ്ധം വിജയിച്ചതിന്റെ ആഘോഷദിനമായ വിജയ ദിവസ് ഇന്നലെ രാജ്യം കൊണ്ടാടി. നമ്മുടെ ധീരസൈനികരെഴുതിയ ചരിത്രം സുവര്ണാക്ഷരങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശത്തില്‍ പറഞ്ഞു.
സൈനികരുടെ സാഹസികതയ്ക്കും ധീരതയ്ക്കും മുന്നില്‍ നമിക്കുന്നു. 1971ല്‍ നമ്മുടെ സൈനികര്‍ കുറിച്ചിട്ട ചരിത്രം സുവര്ണലിപികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്, മോദി ട്വീറ്റ് ചെയ്തു.
മൂന്നു സേനാ മേധാവികളും ഇന്നലെ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രണാമം അര്‍പ്പിച്ചു. കരസേനാ മേധാവി ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ, നാവിക സേനാമേധാവി കരംബിര്‍ സിങ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് എന്നിവര്‍ ദേശീയ യുദ്ധസ്മാരകത്തിലെത്തി സൈനികരുടെ വീരസ്മരണയ്ക്ക് പ്രണാമം അര്‍പ്പിച്ചു. സൈനികരുടെ ധീരതയേയും രാജ്യത്തിനായുള്ള അവരുടെ ജീവത്യാഗത്തേയും നമിക്കുന്നുവെന്ന് ശ്രീപദ് നായിക് ട്വീറ്റ് ചെയ്തു.
















