പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ ഇന്ന് സംസ്ഥാനത്ത് ഒരു വിഭാഗം ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഓരോ പൗരനും രാജ്യത്ത് നിലവിലുള്ള നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അത് അവരുടെ കടമയുമാണ്. എന്നാല്‍ ഈ പൗര ബോധത്തെ പാടേ തകര്‍ത്തുകൊണ്ടുള്ള നിലപാടാണ് എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്, പോരാട്ടം തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിലൂടെ സ്വീകരിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെ അനുകൂലിക്കുന്നുണ്ട്. ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത സത്യഗ്രഹം നടത്തിയതും ഗൗരവത്തോടെ കാണെണ്ടതുണ്ട്. ഒരു നാടിന്റെ മുഖ്യമന്ത്രിയും ഭരണത്തിലിരിക്കുന്നവരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായാല്‍ തിരുത്തേണ്ട പ്രതിപക്ഷ നേതാവും ഒരേ പന്തലിന് കീഴില്‍ ഇരുന്നുകൊണ്ട് രാജ്യം നടപ്പാക്കുന്ന നിയമം അനുസരിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ഇവര്‍ എന്ത് സന്ദേശമാണ് ഈ നാട്ടിലെ പൗരന്മാര്ക്ക് നല്‍കുന്നത്.
നിയമം വഴി സ്ഥാപിതമായ ഇന്ത്യയുടെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന സത്യവാചകം ചൊല്ലി അധികാരമേറ്റ മുഖ്യമന്ത്രി തന്നെ ഭരണഘടനയേയും നിയമ വ്യവസ്ഥയേയും വെല്ലുവിളിച്ചിരിക്കുന്നു എന്നത് എത്രമാത്രം വൈരുദ്ധാത്മകമാണ്.
പൗരത്വം സംബന്ധിച്ച് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള എല്ലാ അധികാരവും ഇന്ത്യന്‍ ഭരണഘടന കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു പങ്കുമില്ല. കേന്ദ്രം കൊണ്ടുവരുന്ന നിയമം നടപ്പാക്കാന്‍ സംസ്ഥാനം ബാധ്യസ്ഥവുമാണ്. ഇതൊന്നുമറിയാതെയാണോ കേരളം ഭരിക്കുന്ന പിണറായി വിജയന് തന്നെ നേരിട്ട് സമരത്തിനിറങ്ങിയിരിക്കുന്നത്. നിയമം അറിയാതെയല്ല, മറിച്ച് എരിതീയില്‍ എണ്ണയൊഴിക്കാനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംയുക്തമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
എസ്ഡിപിഐ, സോളിഡാരിറ്റി വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയുടെ സ്ഥാപിത താല്പര്യം എന്താണെന്ന് ഇന്നാട്ടിലെ എല്ലാവര്ക്കും വളരെ വ്യക്തമായിട്ടറിയാം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്ന ഇക്കൂട്ടര്‍ക്ക് വിധ്വംസക പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് വീണുകിട്ടിയ അവസരമാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം. ആ അവസരം അവര്‍ ആസൂത്രിതമായി തന്നെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യും. അത്തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാവാതിരിക്കാനുള്ള നടപടികളാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. ഈ ഹര്‍ത്താല്‍ നിയമവിരുദ്ധം കൂടിയാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ ഒന്നു തന്നെ പാലിക്കാതെയുള്ള ഹര്‍ത്താല്‍ അഹ്വാനം കേരളത്തെ ജനങ്ങളെ ഒന്നാകെ ബാധിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനിടയിലും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യതകളും തള്ളിക്കളഞ്ഞുകൂടാ.
ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സംഘടനകളുടെ നിലപാടുതന്നെ മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് അതുമൊരു ആയുധമാണ്. പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരെ ഒരുതരത്തിലും ബാധിക്കില്ല എന്നിരിക്കേ, വസ്തുതകള്‍ മനസ്സിലാക്കാതെ അസമിലും ദല്‍ഹിയിലും ഒക്കെ തെരുവിലിറങ്ങി അക്രമം അഴിച്ചുവിട്ടിരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ രാജ്യം ഒറ്റക്കെട്ടായി ചോദ്യം ചെയ്യേണ്ട സമയമാണിത്. രാജ്യം കത്തുന്നു എന്ന തരത്തില്‍ വിലപിക്കുന്ന മാധ്യമങ്ങള്‍ ഈ ഭേദഗതി നിയമത്തിലെ യഥാര്‍ത്ഥ വസ്തുതകളാണ് പൊതുജന സമക്ഷം കൊണ്ടുവരേണ്ടത്. അയല്‍ രാജ്യങ്ങളില്‍ പീഡനത്തിന് വിധേയമായി ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയിട്ടുളളവരെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ അന്നാട്ടിലെ മുസ്ലിം ജനതയ്ക്കുവേണ്ടി വാദിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഏത് മാനവികതയെക്കുറിച്ചാണ് പറയുന്നതെന്നുകൂടി ചിന്തിക്കണം. ഓരോ വിഷയത്തിലും ഇരട്ടത്താപ്പ് സ്വീകരിക്കുന്നവര്‍ക്ക് നൈതികതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ എന്താണ് അവകാശം എന്നുകൂടി ചോദിക്കേണ്ടതുണ്ട്.
രാജ്യത്തെ ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഭരണാധികാരികള്‍ തന്നെ നിയമ വിരുദ്ധര്‍ക്കൊപ്പം നില്ക്കുന്ന വിചിത്ര പ്രതിഭാസമാണ് ഇവിടെ കാണുന്നത്. ദിശതെറ്റിയ ഭരണാധികാരികളുടെ പോക്ക് ബാധിക്കുക സമൂഹത്തെ ഒന്നാകെയായിരിക്കും. നയിക്കുന്നവര്ക്കില്ലെങ്കിലും നയിക്കപ്പെടുന്നവര്ക്കെങ്കിലും ആ തിരിച്ചറിവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: