ധാക്ക: അനധികൃത കുടിയേറ്റക്കാരുടെ പട്ടിക ഇന്ത്യ നല്‍കിയാല്‍ അവരെ തിരിച്ചുകൊണ്ടുവരുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുള്‍ മോമന്‍. ഇത്തരക്കാരുടെ പട്ടിക ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയ പൗരത്വ നിയമത്തില്‍ പേരില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ തര്‍ക്കങ്ങളുണ്ടെന്ന വാദവും അദ്ദേഹം നിഷേധിച്ചു.
പൗരത്വ ബില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ ബംഗ്ലാദേശ് ഇടപെടേണ്ട കാര്യമില്ല. ബില്ലുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാണ്, വളരെ മധുരവുമാണ്, മോമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതിനെക്കുറിച്ചും മോമന്‍ വിശദീകരിച്ചു. ഔദ്യോഗിക തിരക്കുകളായിരുന്നു പിന്നില്‍. വിജയ ദിവസ് ഉള്‍പ്പെടെ നിരവധി ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിയിരുന്നു. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിരുന്നു, അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത് വലിയ പിന്തുണയോടെയാണ്. സാഹോദര്യം, സഹവര്‍ത്തിത്വം, സഹാനുഭൂതി തുടങ്ങി ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെയാണ് ഇത്തരമൊരു നിയമം വരച്ചു കാട്ടുന്നത്. ഏത് മതത്തില്‍ പെട്ട ഇന്ത്യന്‍ പൗരനെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ഇന്ത്യന്‍ പൗരന്മാര്‍ ഒരിക്കലും ഈ നിയമത്തെ ഭയപ്പെടേണ്ടതില്ല. വര്‍ഷങ്ങളോളം പീഡനം നേരിട്ടവര്‍ക്കും ഇന്ത്യയല്ലാതെ മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്തവര്‍ക്കുമായാണ് ഈ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനവും ഐക്യവും സാഹോദര്യവും നിലനിര്‍ത്തേണ്ട സമയമാണിത്. വ്യാജപ്രചാരണങ്ങളില്‍ നിന്നും കിവംദന്തികളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചര്‍ച്ചകളും സംവാദങ്ങളും എതിര്‍പ്പുകളുമെല്ലാം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതത്തിന് തടസമുണ്ടാക്കുകയും ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
















