മുംബൈ: വീര സവര്‍ക്കറെ രാഹുല്‍ ഗാന്ധി അവഹേളിച്ചതില്‍ പ്രതിഷേധിച്ച് മഹാരാഷ്‌ട്ര നിയമ സഭയില്‍ ബിജെപി എംഎല്‍എമാര്‍ സവര്‍ക്കര്‍ തൊപ്പി ധരിച്ചെത്തി. നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിലാണ് ബിജെപി എംഎല്‍എമാര്‍ സവര്‍ക്കര്‍ തൊപ്പി ധരിച്ചെത്തിയത്. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ ശിവസേന രാഹുലിന്റെ പരാമര്‍ശത്തെ നേരത്തേ അപലപിച്ചിരുന്നു.
സവര്‍ക്കര്‍ മഹാനായ നേതാവാണ്. ഗാന്ധിയേയും നെഹ്‌റുവിനേയും പോലെ രാഷ്‌ട്രത്തിനു വേണ്ടി നിലകൊണ്ട വ്യക്തിത്വമാണ്. അതിനാല്‍ ഞങ്ങള്‍ നെഹ്‌റുവിനെ ബഹുമാനിക്കുന്നതുപോലെ കോണ്‍ഗ്രസുകാര്‍ സവര്‍ക്കറെയും ബഹുമാനിക്കണമെന്നും അപമാനിക്കരുതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
‘റേപ്പ് ഇന്‍ ഇന്ത്യ’ എന്ന പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് രാഹുല്‍ പറഞ്ഞത് താന്‍ രാഹുല്‍ സവര്‍ക്കര്‍ അല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നുമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതികരണവുമായി ശിവസേന രംഗത്തുവന്നത്. ഈ രാജ്യത്തിനു തന്നെ സവര്‍ക്കര്‍ ദേവനാണെന്നും ബുദ്ധിയുള്ള ആളുകള്‍ക്ക് കൂടുതലൊന്നും പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും നെഹ്‌റുവിനെയും ഗാന്ധിയെയും പോലെ സവര്‍ക്കറെയും ബഹുമാനിക്കണമെന്നുമാണ് ശിവസേന പറഞ്ഞത്.
















