ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ബസ് കത്തിക്കപ്പെട്ടതു സംബന്ധിച്ച പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ വസ്തുത വെളിപ്പെടുത്തി സൗത്ത്-ഈസ്റ്റ് ഡല്‍ഹി ഡിസിപി ചിന്മോയ് ബിശ്വാള്‍. ബസുകള്‍ പോലീസ് കത്തിച്ചെന്നത് പള്ളക്കള്ളമാണ്. അക്രമികള്‍ മൂന്നോളം ബസുകള്‍ക്കാണ് തീയിട്ടത്. ഇതില്‍ ഒരു ബസില്‍ പോലീസുകാര്‍ ബോട്ടിലില്‍ നിന്ന് എന്തോ ദ്രാവകം ഒഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തീവയ്‌ക്കാന്‍ വേണ്ടിയാണ് പോലീസ് പെട്രോള്‍ ഒഴിക്കുന്നതെന്ന തരത്തിലായിരുന്നു അക്രമികള്‍ അടക്കം പ്രചരിപ്പിച്ചത്. എന്നാല്‍, ചെറിയ തോതില്‍ പടര്‍ന്ന തീ കെടുത്താനായി കുപ്പികളിലും ചെറിയ കന്നാസുകളിലുമായി സമീപത്തെ വീടുകളില്‍ നിന്നാണ് പോലീസ് വെള്ളം എടുത്തുകൊണ്ടെത്തിച്ചത്. ഇതാണ് തീ പടര്‍ന്ന ഭാഗങ്ങളില്‍ പോലീസ് ഒഴിച്ചത്. തീ അണയ്‌ക്കാനുള്ള ശ്രമമായിരുന്നു പോലീസിന്റേത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി പോലീസിനു നേരേ അക്രമം നടത്തിയെന്നും ബിശ്വാള്‍.
ദല്‍ഹി പോലീസിലെ ഉദ്യോഗസ്ഥന്‍ തന്നെയാണ് ബസ്സുകള്‍ കത്തിച്ചതെന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പോലും ചിത്രങ്ങള്‍ പങ്കുവയ്‌ക്കുകയും പോലീസിനെയും ബിജെപിയേയും കുറ്റപ്പെടുത്തുകയും ചെയ്തു. പൗരത്വ ഭേദഗതിയില്‍ അസഹിഷ്ണുത കാട്ടിയ ജാമിയ മിലിയ വിദ്യാര്‍ഥികളാണ് അക്രമങ്ങള്‍ക്കും ബസ് കത്തിക്കുന്നതിനും നേതൃത്വം നല്‍കിയത്.
















