കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമത നടത്തുന്ന സമരവും റാലിയും ഭരണഘടനാ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാര്‍ വ്യക്തമാക്കി.
‘മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും നേതൃത്വം കൊടുക്കുന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയാണ്. നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടികളാണ് നടക്കുന്നത്. താന്‍ നേരിട്ട് മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതിഷേധക്കാര്‍ നടത്തിയ അക്രമത്തെ നിന്ദിച്ച ബുദ്ധിജീവികള്‍, സിനിമാപ്രവര്‍ത്തകര്‍, നടന്മാര്, നാടക പ്രവര്‍ത്തകര്‍ എന്നിവരെ അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഭാവിയിലും പ്രമുഖവ്യക്തികളുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
















