മുംബൈ: വീരസവര്‍ക്കറെ അപമാനിച്ച് പൊതുവേദിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ച് രാംദാസ് അത്വാലേ. ശിവസേന കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അധ്യക്ഷനും കൂടിയാണ് അത്‌വലേ.
കോണ്‍ഗ്രസ് സവര്‍ക്കറെ ബഹുമാനിക്കുന്നില്ലെങ്കില്‍ സവര്‍ക്കറെ വീരപുരുഷനായി കാണുന്ന ശിവസേനയുമായി എങ്ങനെയാണ് കൂട്ടുകൂടുകയെന്നാണ് അതാവലേ ഉന്നയിക്കുന്ന ചോദ്യം.
സവര്‍ക്കര്‍ക്കെതിരെ തീര്‍ത്തും അടിസ്ഥാനരഹിതവും അസമയത്തുമുള്ള ആരോപണങ്ങള്‍ ശിവസേന ഗൗരവപൂര്‍വ്വം എടുക്കേണ്ടതുണ്ട്. ധീരദേശാഭിമാനിയായി ശിവസേന കരുതുന്ന സവര്‍ക്കറെ അപമാനിച്ചിട്ടും അവര്‍ മഹാ വികാസ് അഖാഡിയുടെ ഭാഗമായി നില്‍ക്കുന്നത് തന്നെ ന്യായീകരിക്കാന്‍ പറ്റാത്തതാണെന്നും അത്‌വലേ പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ദല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. ഒരു വിഷയത്തിലും മാപ്പ് പറയാന്‍ താന്‍ ‘രാഹുല്‍സവര്‍ക്കറല്ല ‘ എന്നാണ് രാഹുല്‍ പ്രസംഗിച്ചത്. പ്രസ്താവനക്ക് പുറകേ ശിവസേനാ മഹാരാഷ്‌ട്ര ഘടകം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
രാഹുലിന്റെ പ്രസ്താവനക്കെതിരെ ശിവസേനാ നേതാവ് സഞ്ജയ് റാവത് അന്ന് തന്നെ വിയോജിപ്പും ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു. സവര്‍ക്കര്‍ തങ്ങള്‍ക്ക് ഈശ്വരനുതുല്യനായ വ്യക്തിയാണ്. അദ്ദേഹത്തെ അപമാനിക്കുന്ന ഒരു നടപടിയോടും യോജിക്കാനാകില്ലെന്നും റാവത് വ്യക്തമാക്കി.
















