ചണ്ഡീഗഡ്: ബലാക്കോട്ട് തിരിച്ചടി പാക്കിസ്ഥാനുള്ള കടുത്ത മുന്നറിയിപ്പായിരുന്നെന്നും കരുത്തുറ്റ ദേശീയ നേതൃത്വമുള്ളതുകൊണ്ടാണ് അത് സാധ്യമായതെന്നും വ്യോമസേനാ മുന്‍ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. മൂന്നാമത് സൈനിക സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബലാക്കോട്ടിന്റെ സന്ദേശം പാക്കിസ്ഥാനു മനസ്സിലായി. മുന്‍ കാലത്തേതുപോലെ ഭീകരാക്രമണം ഇന്ത്യ സഹിക്കില്ലെന്ന് അവര്‍ക്കു ബോധ്യമായി. നമ്മുടെ നാല്‍പ്പതു സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഉറപ്പായിരുന്നു. എപ്പോള്‍? എവിടെ? എന്നു മാത്രമായിരുന്നു അവര്‍ക്ക് സംശയം, ധനോവ പറഞ്ഞു.
ഭീകരക്യാമ്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാക് ചാരസംഘടനയായ ഐഎസ്ഐയും പാക് വ്യോമസേനയും തമ്മില്‍ കൃത്യമായ ആശയവിനിമയം നടക്കുന്നില്ലെന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളതെന്നും ധനോവ പറഞ്ഞു. ബഹവല്‍പുരിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് ആവശ്യമായ സുരക്ഷ നല്‍കിയിരുന്നു. പാക്കിസ്ഥാനു മാത്രമല്ല ജെയ്ഷെ അടക്കമുള്ള ഭീകരസംഘടനകള്ക്കുമുള്ള രാഷ്ട്രീയ മുന്നറിയിപ്പു കൂടിയായിരുന്നു ബലാക്കോട്ട് ആക്രമണം. പാക്കിസ്ഥാനിലോ പാക് അധിനിവേശ കശ്മീരിലോ എവിടെയായാലും ഇന്ത്യ ആക്രമിക്കാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പായിരുന്നു അത്.
ബലാക്കോട്ട് ആക്രമണത്തില്‍ നിന്ന് ഇന്ത്യയും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ധനോവ പറഞ്ഞു. നിയന്ത്രിത ആക്രമണങ്ങള്‍ക്കുള്ള മീഡിയം മള്‍ട്ടി റോള്‍ കോംപാക്ട് വിമാനങ്ങള്‍ സ്വന്തമാക്കേണ്ടതുണ്ട്. തിരിച്ചടിക്കാന്‍ റഫാലിനു പകരം മിഗ് പറത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ അനുഭവവും പഠിക്കണം, ധനോവ നിര്‍ദേശിച്ചു.
















