ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ ഭേദഗതികള്‍ പൗരത്വ ബില്ലില്‍ വരുത്താന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മേഘാലയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തെ ഇക്കാര്യം അറിയിച്ചതായി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. ക്രിസ്മസിന് ശേഷം നിയമത്തില്‍ മാറ്റങ്ങളെന്തെങ്കിലും ആവശ്യമെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മേഘാലയയിലെ പ്രശ്നങ്ങള്‍ക്ക് കൃത്യമായ ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്നും ഗിരിധിയിലെ റാലിയില്‍ ഷാ പറഞ്ഞു.
എന്നാല്‍ അയല്‍ രാജ്യങ്ങളിലെ മതവിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം കൂടുതല്‍ മേഖലകളിലേക്ക് നീട്ടി നല്‍കുന്നത് മാത്രമാവും മേഘാലയയുമായും ചര്‍ച്ച ചെയ്യുക. പൗരത്വ നിയമം പാസായതു മുതല്‍ കോണ്‍ഗ്രസിന് അസ്വസ്ഥത തുടങ്ങിയെന്നും ഷാ കുറ്റപ്പെടുത്തി.
















