തിരുവനന്തപുരം: പോലീസിന്റെ ശ്വാനസേനയിലേക്ക് ഇന്ന് പുതുതായി 20 പട്ടിക്കുട്ടികള്‍ കൂടിയെത്തും. സേവനകാലാവധി പൂര്‍ത്തിയാക്കിയ 12 നായ്‌ക്കള്‍ ഇന്ന് വിരമിക്കും. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ബ്രീഡുകളില്‍ നിന്നായാണ് 20 പുതിയ പട്ടിക്കുട്ടികള്‍ എത്തുന്നത്. പോലീസ് ആസ്ഥാനത്ത് ഇന്ന് രാവിലെ ഒന്‍പതിനുള്ള ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും.
ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളില്‍ നിന്നായി 20 നായ്‌ക്കുട്ടികളാണ് കെ ഒമ്പത് സ്‌ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തില്‍ ചേരുന്നത്. ഇവയില്‍ മൂന്നെണ്ണത്തെ പൊതുജനം ദാനം ചെയ്തതാണ്. രക്ഷാപ്രവര്‍ത്തനത്തിനും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്‌നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്‌ക്ക് പരിശീലനം നല്‍കുന്നത്. മയക്കുമരുന്നുകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനും കാണാതായ ആള്‍ക്കാരെ കണ്ടെത്തുന്നതിനും ഇവയ്‌ക്ക് പരിശീലനം നല്‍കും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനും പോലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കുന്നതിനും പരിശീലിപ്പിക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളില്‍ നിന്നാണ് പട്ടിക്കുട്ടികളെ തെരഞ്ഞെടുത്തത്.
സേവന കാലാവധി പൂര്‍ത്തിയാക്കുന്ന 12 പോലീസ് നായ്‌ക്കള്‍ക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരളാ പോലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്റ് ഹോം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുന്‍കൈയെടുത്തു നിര്‍മ്മിച്ച ഈ റിട്ടയര്‍മെന്റ് ഹോമില്‍ നായ്‌ക്കള്‍ക്ക് കളിക്കാനായി പ്രത്യേക മുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്.
















