ജനാധിപത്യം സാര്‍ഥകമാകണമെങ്കില്‍ ഭരണപക്ഷത്തെപ്പോലെ ശക്തമായ പ്രതിപക്ഷവും വേണം. ശക്തമായ പ്രതിപക്ഷം എന്നുപറഞ്ഞാല്‍ അംഗബലമല്ല അതിനെക്കാള്‍ നേതൃഗുണം പ്രധാനമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ദുര്‍ബലമാണെങ്കിലും അതിന്റെ പൂര്‍വകാലം പ്രബലമാണെന്ന് പറയുന്നതില്‍ പിശുക്ക് കാണിക്കേണ്ടതില്ല. നാലുപതിറ്റാണ്ടിലധികം കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനേക്കാള്‍ മഹിമ സ്വാതന്ത്ര്യസമരത്തിലെ നേതൃപദവിയാണ്. മഹാത്മാഗാന്ധിയടക്കം എണ്ണപ്പെട്ട നായകരാല്‍ തിളങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിലിന്ന് തലയ്ക്ക് വെളിവുള്ളവരുടെ എണ്ണം വളരെ വളരെ കുറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ പാരമ്പര്യത്തിലും കോണ്‍ഗ്രസ് ചരിത്രത്തില്‍ പോലും അഭിമാനം കൊള്ളാന്‍ കഴിയാത്തവരാണ് ആ പാര്‍ട്ടിയെ നയിക്കുന്നതെന്ന് അവര്‍ തന്നെ പറയിക്കുകയാണ്. അതിന്റെ തെളിവാണ് വീര സവര്‍ക്കറെ അവഹേളിച്ചുള്ള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുലിന്റെ പ്രസ്താവന.
‘മേയ്ക്ക് ഇന്‍ ഇന്ത്യയല്ല, റേപ്പ് ഇന്‍ ഇന്ത്യ’യാണ് ഇപ്പോഴെന്ന രാഹുലിന്റെ പരിഹാസത്തെ പാര്‍ലമെന്റില്‍ ശക്തമായി ചോദ്യം ചെയ്തിരുന്നു. അങ്ങനെ പറഞ്ഞതിനെച്ചൊല്ലി രാഹുല്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ”മാപ്പു പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ഗാന്ധിയാണ്” എന്ന് പൊതുവേദിയില്‍ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. സവര്‍ക്കറെയും ഗാന്ധിയേയും അറിയാത്ത നേതാവാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. രാഹുല്‍ പേരിനൊപ്പം ചേര്‍ക്കുന്ന ‘ഗാന്ധി’ പ്രയോഗം എങ്ങനെ വന്നുവെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഏത് ഗാന്ധിയുടെ മകളാണ് ഇന്ദിര, ഏത് ഗാന്ധിയാണ് രാജീവിന്റെ പിതാവ്? ഏത് ഗാന്ധിയാണ് രാഹുലിനെ സൃഷ്ടിച്ചത്? മഹാത്മാ ഗാന്ധിജിയുടെ സല്‍പ്പേരുപയോഗിച്ച് രാഷ്ട്രീയ കച്ചവടത്തിനിറങ്ങിയ രാഹുല്‍ ജാമ്യത്തില്‍ കഴിയുന്ന നേതാവാണ്. രാജ്യത്തിന് അഭിമാനം നല്കാന് കഴിയാത്തവര്‍ സവര്‍ക്കരെ പരിഹസിക്കുന്നത് അല്പത്തരമാണ്.
സ്വാതന്ത്ര്യ സമര സേനാനികളുടെ ഇടയില്‍ നിലന്നിന്നിരുന്ന മിതവാദി-തീവ്രവാദി വിഭാഗങ്ങളില്‍ രണ്ടാമത്തേതിനൊപ്പമായിരുന്നു സവര്‍ക്കര്‍. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കണമെന്നാണ് സവര്‍ക്കര്‍ ആഗ്രഹിച്ചത്. 1905ല്‍ ബംഗാള്‍ വിഭജനത്തിനെതിരേ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശസാധനങ്ങള്‍ ബഹിഷ്കരിക്കല്‍ പ്രക്ഷോഭത്തില്‍ സാവര്‍ക്കര്‍ ഭാഗഭാക്കായി. അങ്ങനെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ആദ്യമായി, പൂനെയില്‍ വച്ച് വിദേശവസ്ത്രങ്ങള്‍ കത്തിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടന്നു. അതിന്റെ പേരില്‍ സാവര്‍ക്കറെ ഫെര്ഗൂസന് കോളേജില്‍ നിന്നു പുറത്താക്കി.
1906 ല്‍ സ്കോളര്‍ഷിപ്പോടെയുള്ള നിയമപഠനത്തിന് സവര്‍ക്കര്‍ ലണ്ടനിലെത്തുകയും തുടര്‍ന്ന് ‘ഫ്രീ ഇന്ത്യ സൊസൈറ്റി’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ദേശസ്നേഹികളായ നിരവധി യുവാക്കള്‍ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പേരില്‍ ലണ്ടനില്‍ ഒത്തുകൂടി. സ്വാതന്ത്ര്യ സമര പ്രക്ഷോഭം അന്തര്‍ദ്ദേശീയ തലത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 1907 -ല്‍ ജര്‍മനിയില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സിന്റെ സംഘാടകരില്‍ ഒരാളുമായി. പ്രസിദ്ധമായ ‘1857 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ എന്ന പുസ്തകം അദ്ദേഹം എഴുതുന്നത് ഇക്കാലത്താണ്.
വിദേശ വസ്തുക്കള്‍ ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതാവാം ഒരുപക്ഷേ രാഹുല്‍ കുടുംബത്തെ ചൊടിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യന്‍ ദേശീയതയുടെയും ശക്തനായ വക്താവായിരുന്നു ദാമോദര വിനായക സവര്‍ക്കര്‍. അദ്ദേഹം സഹിച്ച ത്യാഗം തട്ടിച്ചുനോക്കിയാല്‍ കൊട്ടിഘോഷിച്ച് വീരസേനാനികളായി ഞെളിയുന്നവരില്‍ പലരും ഒന്നുമല്ല. ബ്രിട്ടീഷുകാരുടെ കൊടും ക്രൂരതകള്‍ ഒട്ടേറെ സഹിച്ചു. ഏകാന്ത തടവടക്കം വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞു. നെഹ്റുവിനെപ്പോലെ മിതവാദിയല്ലാത്തതിനാല് സവര്‍ക്കറെ കള്ളക്കേസില്‍പെടുത്തി സ്വതന്ത്ര ഇന്ത്യയിലെ അഴിക്കുള്ളില്‍ കിടത്താനും ശ്രമിച്ചു. രാഷ്ട്രപിതാവ് മഹാത്മജി വധക്കേസില്‍ സവര്‍ക്കറെ പ്രതിപട്ടികയില്‍പ്പെടുത്താന്‍ നെഹ്റു സര്‍ക്കാറാണ് ശ്രമിച്ചത്. ഗൂഢാലോചനാ കുറ്റം തെളിയിക്കാന്‍ പോലും കഴിയാത്തതിനാല്‍ സവര്‍ക്കറെ കോടതി വെറുതേവിടുകയായിരുന്നു. ചരിത്രമറിയാതെ ബാലിശങ്ങളായ വിഡിത്തങ്ങള്‍ വിളിച്ചുകൂവുന്ന രാഹുല്‍ മാപ്പുപറഞ്ഞാല്‍ പോലും മാന്യത നേടാന്‍ പോകുന്നില്ല. തലയ്ക്ക് വെളിവുള്ളവര്‍ നേതൃനിരയിലെത്താതെ കോണ്‍ഗ്രസ് രക്ഷപ്പെടാനേ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: