തിരുവനന്തപുരം: സിവില്‍ പോലീസുകാര്‍ മുതല്‍ സിഐമാര്‍ വരെയുള്ളവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ വയ്‌ക്കുന്ന തരം തൊപ്പി നല്‍കണമെന്ന ഡിജിപിയുടെ ശുപാര്‍ശയില്‍ തര്‍ക്കം. പി-ക്യാപ് ഉപയോഗിക്കുന്നത് ജോലിക്ക് തടസ്സമാണെന്നും ഇടക്ക് താഴേക്ക് വീഴുന്നുണ്ടെന്നും ഡിജിപി വിളിച്ച യോഗത്തില്‍ പോലീസ് അസോസിയേഷനും, ഓഫീസേഴ്‌സ് അസോസിയേഷനും പരാതിപ്പെട്ടു. ലാത്തിചാര്‍ജും, മല്‍പിടുത്തവുമൊക്കയുണ്ടാകുമ്പോള്‍ തൊപ്പി സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നും, ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യം ബരേ ക്യാപാണെന്നുമായിരുന്നു പോലീസ് സംഘടനകളുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ ശുപാര്‍ശ.
പ്രത്യേക ചടങ്ങുകള്‍ക്കും വിഐപി സന്ദര്‍ശവേളയിലുമൊഴികെ പി-ക്യാപ്പിന് പകരം ബരേ ക്യാപ്പ് ഉപയോഗിക്കാന്‍ സിവില്‍ പോലീസുകാര്‍ മുതല്‍ സിഐവരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുമതി ആവശ്യപ്പെട്ടാണ് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഐപിഎസ് ഉദ്യോഗസ്ഥരും സീനിയര്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ഇതിനെ എതിര്‍ത്തു.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നീല ബരേ തൊപ്പിയും മറ്റുള്ളവര്‍ക്ക് കറുത്ത നിറത്തിലുള്ള ബരേ തൊപ്പിയും നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ഡിജിപി ശ്രമിച്ചുവെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് ശക്തമായതോടെ ഡിജിപിയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ ആഭ്യന്തര സെക്രട്ടറി ഫയല്‍ മാറ്റിവച്ചു.
ഡിവൈഎസ്പി മുതലുള്ള ഉദ്യോഗസ്ഥരാണ് നീലനിറത്തിലുള്ള ചരിഞ്ഞ രീതിയിലുള്ള ബെരേ തൊപ്പി ഉപയോഗിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയുന്നതിനാണ് ഈ തൊപ്പി. സിവില്‍ പോലീസുകാര്‍ മുതല്‍ സിഐമാര്‍വരെ പി-ക്യാപ്പാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അടുത്തിടെ രൂപീകരിച്ച വനിതാ ബറ്റാലിയനും, കമാണ്ടോകള്‍ക്കും, ഡ്രൈവര്‍മാര്‍ക്കും കറുത്ത ബരേ തൊപ്പി വയ്‌ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
















