ന്യൂദല്‍ഹി : ബലാകോട്ട് വ്യോമാക്രമണം പാക്കിസ്ഥാനും ജെയ്ഷ ഇ മുഹമ്മദിനുമുള്ള മുന്നറയിപ്പായിരുന്നു. ആക്രമണം എപ്പോള്‍, എവിടെവെച്ച് വേണമെങ്കിലും നടക്കാമെന്ന സന്ദേശമായിരുന്നു അതെന്ന് റിട്ടയേര്‍ഡ് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. ആക്രമണം ശക്തിയും കഴിവും തെളിയിക്കാനുള്ള അവസരമായിരുന്നു. ചണ്ഡീഗഢില്‍ നടക്കുന്ന മിലിട്ടറി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ധനോവയുടെ ഈ വെളിപ്പെടുത്തല്‍.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നതാണ്. എങ്ങനെ, എവിടെവച്ച് എന്ന ചോദ്യം മാത്രമാണ് അവരില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 27 ന് പാക്കിസ്ഥാന്‍ വ്യോമസേന നടത്തിയ സൈനിക ആക്രമണങ്ങള്‍ പാക്കിസ്ഥാനെ ലക്ഷ്യമിടുന്നതിനു വഴിയൊരുക്കി.
മിറാഷ് യുദ്ധവിമാനത്തില്‍ നിന്നു കൃത്യമായ മാര്‍ഗനിര്‍ദേശത്തോടെ ബോംബുകള്‍ വിക്ഷേപിച്ചിട്ടും പാക്കിസ്ഥാന്‍ വ്യോമസേനയ്‌ക്ക് രാജൗരി-പൂഞ്ച് മേഖലയില്‍ ഒരിടത്തും ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചില്ല. ബലാകോട്ടിലെ ഭീകരക്യാംപുകള്‍ ആക്രമിക്കുമ്പോള്‍ പാക്കിസ്ഥാനുമായി ഇന്ത്യ ഒരു സംഘര്‍ഷം ഉദ്ദേശിച്ചിട്ടില്ല. നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഒരു ദേശീയ നേതൃത്വവും മൂന്ന് സേനാവിഭാഗങ്ങളും എല്ലാ തയാറെടുപ്പോടും കൂടി മുന്നോട്ടുവന്നതു കൊണ്ടാണ് ആക്രമണം സാധ്യമായതെന്നും ധനോവ കൂട്ടിച്ചേര്‍ത്തു.
















